തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള കേര പദ്ധതിക്ക് ലോക ബാങ്കിന്‌റെ അംഗീകാരം. പദ്ധതിക്കായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1655.85 കോടി രൂപ) വായ്പ നല്‍കും. ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്‌റില്‍ (ഐബിആര്‍ഡി) നിന്നാണ് വായ്പ അനുവദിക്കുന്നത്. ആറ് വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 23.5 വര്‍ഷത്തെ കാലാവധിയാണുള്ളത്.
280 മില്യണ്‍ ഡോളറിന്റെ പദ്ധതിയില്‍ 709.65 കോടി രൂപയാണ് സംസ്ഥാന വിഹിതം. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ നാല് ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമാകും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപവും വര്‍ധിക്കും.
അഗ്രി-ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഒമ്പത് മില്യണ്‍ ഡോളര്‍ വാണിജ്യ ധനസഹായവും പദ്ധതി മുഖേന ലഭിക്കും. ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ അവലംബിച്ച് കൃഷിയിലും അനുബന്ധമേഖലയിലും നിക്ഷേപം നടത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് 'കേര'. കാലാവസ്ഥ അനുകൂല മുറകള്‍, കാര്‍ഷിക ഉത്പാദനങ്ങളിലെ മൂല്യവര്‍ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക ഉദ്ധാരണം തുടങ്ങി കാര്‍ഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവര്‍ഷത്തെ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Content Highlight: World Bank approves Kera project