സന്ദീപ് വാര്യർ വിഷയം; തൽക്കാലം പരസ്യപ്രതികരണം വേണ്ടെന്ന് ബിജെപി നേതൃത്വം

സന്ദീപ് വാര്യറുമായി ഇനിയൊരു അനുരഞ്ജന നീക്കത്തിന് മുതിരില്ലന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന

dot image

തിരുവനന്തപുരം: സന്ദീപ് വാര്യർ വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാട് തുടരാൻ ബിജെപി നേതൃത്വത്തിൻ്റെ തീരുമാനം. സന്ദീപ് രാഷ്ട്രീയ നിലപട് വ്യക്തമാക്കിയ ശേഷം അച്ചടക്ക നടപടിയടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുത്താൽ മതിയെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഉണ്ടാക്കിയിരിക്കുന്ന ധാരണ. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ധൃതിപെട്ട് തീരുമാനം എടുത്താൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്. സന്ദീപ് വാര്യറുമായി ഇനിയൊരു അനുരഞ്ജന നീക്കത്തിന് മുതിരില്ലന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.

പാലക്കാട് മൂത്താൻതറയിൽ തനിക്ക് ബന്ധുക്കൾ ഉണ്ടെന്ന സന്ദീപിന്റെ പ്രസ്താവന കൃഷ്ണകുമാറിനെ ലക്ഷ്യം വെച്ചന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അടുത്ത പുനസംഘടന വരെ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടും നേതൃത്വത്തിനുണ്ട്. എന്നാൽ ബിജെപി നേതൃത്വത്തിന്റെ അനുരഞ്ജന നീക്കങ്ങൾക്ക് ശേഷവും സന്ദീപ് നേതൃത്വത്തോട് ഇടഞ്ഞു തന്നെ നിൽക്കുകയാണ്. സന്ദീപ് രാഷ്ട്രീയ ഭാവിയും നിലപാടും വ്യക്തമാക്കി ഇന്ന് രംഗത്ത് എത്തിയേക്കും. അതേസമയം സിപിഐഎം നേതൃത്വം സന്ദീപിന് മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണ്. സന്ദീപ് വാര്യരുമായി സിപിഐഎം നേതാക്കൾ ചർച്ചകൾ നടത്തിയെന്ന വാർത്തകളും പുറത്ത് വന്നിരുന്നു.

സന്ദീപ് വാര്യർ നമ്പർ വൺ കോമ്രേഡ് ആകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയം​ഗം എ കെ ബാലൻ നേരത്തെ റിപ്പോർട്ടർ ടിവിയുടെ ക്ലോസ് എൻകൗണ്ടറിൽ പ്രതികരിച്ചിരുന്നു. സന്ദീപ് വാര്യ‍ർ ക്രിസ്റ്റൽ ക്ലിയർ ആകുമെന്നും മുൻപ് പറഞ്ഞതൊന്നും പ്രശ്നമല്ലെന്നും എ കെ ബാലൻ വ്യക്തമാക്കിയിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റുകാരെ കൊണ്ട് മാത്രം ഞങ്ങൾക്ക് ഭരണം കിട്ടുമോ എന്ന് ചോദിച്ച എ കെ ബാലൻ ഓരോ കാലത്ത് ഓരോരുത്തരെ കിട്ടുമെന്നും ചൂണ്ടിക്കാണിച്ചതും സന്ദീപ് വാര്യർക്ക് സിപിഐഎമ്മിലേയ്ക്കുള്ള പച്ചക്കൊടിയായി വിലയിരുത്തപ്പെട്ടിരുന്നു.

എന്നാൽ എ കെ ബാലൻ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ നിലപാടുമായി മന്ത്രി എം ബി രാജേഷും രംഗത്ത് വന്നിരുന്നു. സന്ദീപ് വാര്യരുമായി സിപിഐഎം ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയത്. അതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും രാഷ്ട്രീയ നിലപാട് അദ്ദേഹം മാറ്റിയിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പറഞ്ഞതെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. സന്ദീപ് വാര്യർ വർഗീയ നിലപാട് ഉപേക്ഷിച്ചാൽ സ്വീകരിക്കണോ എന്ന കാര്യം പരിഗണിക്കുമെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തിരുന്നു. വർഗീയ നിലപാട് ഉപേക്ഷിക്കുകയാണെങ്കിൽ അത് നിരുത്സാഹപ്പെടുത്തേണ്ടതില്ല. വർഗീയ രാഷ്ട്രീയം ഉപേക്ഷിക്കാതെ ഒന്നും നടക്കില്ല. മതനിരപേക്ഷത ജീവ വായുവാണ്. അതിൽ ഇടതുപക്ഷം വെള്ളം ചേർക്കില്ലെന്നും എം ബി രാജേഷ് വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image