മുനമ്പം വിഷയത്തിൽ വില്ലൻ സർക്കാരും വഖഫ് ബോർഡും: വി ഡി സതീശൻ

മുനമ്പത്ത് ബിജെപിയുടെ വർത്തമാനത്തിന് വഖഫ് ബോർഡ് ചെയർമാൻ പിൻബലം കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു

dot image

കൊച്ചി: മുനമ്പം വിഷയത്തിൽ കള്ളക്കളിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാക്കിയ വി ഡി സതീശൻ ബിജെപിക്ക് സ്പെയ്സ് ഉണ്ടാക്കിക്കെടുക്കുകയാണെന്നും കുറ്റപ്പെടുത്തി. മുനമ്പത്ത് ബിജെപിയുടെ വർത്തമാനത്തിന് വഖഫ് ബോർഡ് ചെയർമാൻ പിൻബലം കൊടുക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.

വഖഫ് ബോർഡ് അനാവശ്യ പ്രശ്നം ഉണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സർവ്വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഭിന്നിപ്പുണ്ടാക്കാൻ ശ്രമം നടക്കുന്നു. പഠിച്ചിട്ട് യോഗം വിളിക്കട്ടെ. സംസ്ഥാന വഖഫ് ബോർഡ് ഉണ്ടാക്കിയ നിയമപ്രശ്നമാണ് മുനമ്പത്തേതെന്നും വഖഫ് ബോർഡും സംസ്ഥാന സർക്കാരും പിൻമാറണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്തിനാണ് വഖഫ് ബോർഡ് ചെയർമാൻ ഈ ഭൂമിയുടെ കാര്യത്തിൽ വാശിപിടിക്കുന്നതെന്നും മുസ്ലീം ലീഗിനും മുസ്ലീം സംഘടനകൾക്കും ഒന്നും ഇല്ലാത്ത വാശി വഖഫ് ബോർഡിന് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സർക്കാർ ഉടൻ നടപടി സ്വീകരിക്കണം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സർക്കാർ പറയുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ വഖഫ് ബിൽ പാസായാൽ ഒന്നും മുനമ്പത്തെ പ്രശ്നം തീരില്ലെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ് വിഷയത്തിൽ വില്ലൻ വഖഫ് ബോർഡും സംസ്ഥാന സർക്കാരും ആണെന്നും കുറ്റപ്പെടുത്തി.

മുനമ്പത്തെ ഭൂമി വഖഫിന്റേതാണെന്ന് നേരത്തെ വഖഫ് ബോ‍ർഡ് ചെയർമാൻ എം കെ സക്കീർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാളെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം റിപ്പോ‍ർട്ടറിനോട് വ്യക്തമാക്കിയിരുന്നു. വിഷയം കോടതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് ബോർഡിനുള്ളത്. ഇന്നും നാളെയുമായി വഖഫ് ബോർഡ് യോഗങ്ങൾ ചേരുന്നുണ്ട്. എന്നാൽ ഈ യോഗങ്ങളിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ലെന്നും സക്കീർ പറഞ്ഞു. ഈ വിഷയം 1962ൽ തുടങ്ങിയതാണ്. ഒരു വ്യക്തി സ്ഥാപനത്തിന് നൽകിയ ഭൂമി തന്നെയാണിത്. ഭൂമി വഖഫിന്റെത് തന്നെയാണെന്നും ആ ഭൂമി സംരക്ഷിക്കുക എന്നത് ബോർഡിന്റെ ചുമതലയാണെന്നും സക്കീർ റിപ്പോ‍ർട്ടർ‌ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ വഖഫ് ബോർഡ് യാതൊരു ആശങ്കകളും ഉണ്ടാക്കിയിട്ടില്ലെന്നും ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടോ എന്ന് അറിയില്ലെന്നും പറഞ്ഞ ചെയർമാൻ വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമം ഉണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും എം കെ സക്കീ‍‍ർ അസന്നി​ഗ്ധമായി വ്യക്തമാക്കി. മുസ്ലിം സമുദായം ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ഭൂമി എടുക്കുകയല്ല ഇതെന്നും ഭൂമിയുടെ പേരിൽ സാമുദായിക സ്പർധ ഉണ്ടാക്കരുതെന്നും അഭ്യ‍ർത്ഥിച്ചിരുന്നു.

അതേസമയം, മുനമ്പം വിഷയം ചർച്ച ചെയ്യാനായി സർക്കാർ ഈ മാസം 16ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആളുകളെ ഇറക്കിവിടരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വിഷയം രമ്യമായി പരിഹരിക്കുമെന്നും മന്ത്രി പി രാജീവ് റിപോർട്ടറിലൂടെ നേരത്തെ ഉറപ്പ് നൽകിയിരുന്നു.

Content Highlights: VD Satheesan on Munambam issue

dot image
To advertise here,contact us
dot image