'ഭൂമി വഖഫിന്റേത് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല'; നിലപാട് വ്യക്തമാക്കി വഖഫ് ബോർഡ്

ഭൂമി വഖഫിന്റേതാണെന്ന് പറഞ്ഞ എം കെ സക്കീർ ഒരാളെയും പെട്ടെന്നു കുടിയൊഴിപ്പിക്കില്ല എന്ന ഉറപ്പും റിപ്പോർട്ടറിലൂടെ നൽകി

dot image

കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കി വഖഫ് ബോർഡ്‌ ചെയർമാൻ എം കെ സക്കീർ. ഭൂമി വഖഫിന്റേതാണെന്ന് പറഞ്ഞ എം കെ സക്കീർ ഒരാളെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്നും റിപ്പോർട്ടറിനോട് പ്രതികരിച്ചു.

വിഷയം കോടതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് ബോർഡിനുള്ളത്. ഇന്നും നാളെയുമായി വഖഫ് ബോർഡ് യോഗങ്ങൾ ചേരുന്നുണ്ട്. എന്നാൽ ഈ യോഗങ്ങളിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ലെന്നും സക്കീർ പറഞ്ഞു. ഈ വിഷയം 1962ൽ തുടങ്ങിയതാണ്. ഒരു വ്യക്തി സ്ഥാപനത്തിന് നൽകിയ ഭൂമി തന്നെയാണിത്. ഭൂമി വഖഫിന്റെത് തന്നെയാണെന്നും ആ ഭൂമി സംരക്ഷിക്കുക എന്നത് ബോർഡിന്റെ ചുമതലയാണെന്നും സക്കീർ പറഞ്ഞു. ഈ വിഷയത്തിൽ വഖഫ് ബോർഡ് യാതൊരു ആശങ്കകളും ഉണ്ടാക്കിയിട്ടില്ലെന്നും ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടോ എന്ന് അറിയില്ലെന്നും പറഞ്ഞ ചെയർമാൻ വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമം ഉണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും തറപ്പിച്ചുപറഞ്ഞു. മുസ്ലിം സമുദായം ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ഭൂമി എടുക്കുകയല്ല ഇതെന്നും ഭൂമിയുടെ പേരിൽ സാമുദായിക സ്പർധ ഉണ്ടാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അതേസമയം, മുനമ്പം വിഷയം ചർച്ച ചെയ്യാനായി സർക്കാർ ഈ മാസം 16ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആളുകളെ ഇറക്കിവിടരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വിഷയം രമ്യമായി പരിഹരിക്കുമെന്നും മന്ത്രി പി രാജീവ് റിപോർട്ടറിലൂടെ ഉറപ്പ് നൽകിയിരുന്നു.

'നിയമപരമായി എല്ലാ വശങ്ങളും ഉറപ്പുവരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അവിടെ താമസിക്കുന്നവരുടെ ജാതിയോ മതമോ അല്ല നോക്കുന്നത്. രാഷ്ട്രീയ സമയവായവുമല്ല വേണ്ടത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. വിറ്റവര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് വേറെ രീതിയില്‍ പരിശോധിക്കേണ്ട കാര്യമാണ്. പലരും നല്‍കിയ കുറിപ്പുകള്‍, സംഘടനകള്‍ നല്‍കിയ പാരതികള്‍ എല്ലാം പരിശോധിക്കുന്നുണ്ട്. നിയമസങ്കീര്‍ണ്ണതകളാണ് പ്രശ്‌നം. ഉന്നത തലയോഗമാണ് പ്രധാനം. അതിനകത്തെ നിയമസങ്കീര്‍ണ്ണതയും കുരുക്കുമാണ് അഴിക്കേണ്ടത്', പി രാജീവ് പറഞ്ഞു.

Content Highlights: Waqf board stands firm on munambam land

dot image
To advertise here,contact us
dot image