ലീഗ് സമ്മർദ്ദത്തിനൊടുവിൽ നടപടി; വിവാദ പ്രസംഗത്തിൽ ഉമർ ഫൈസിയോട് വിശദീകരണം ആവശ്യപ്പെട്ട് സമസ്ത

സമസ്ത നേതൃത്വമാണ് ഉമർ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നൽകിയത്

dot image

മലപ്പുറം: പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾക്കെതിരായ വിവാദ പ്രസംഗത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ നടപടിയുമായി സമസ്ത. പ്രസംഗത്തിൽ ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ഉമർ ഫൈസിയോട് സമസ്ത ആവശ്യപ്പെട്ടു.
നടപടി എടുക്കണമെന്ന സമ്മർദ്ദം മുസ്ലിം ലീഗ് ശക്തമാക്കിയതോടെ സമസ്ത നേതൃത്വമാണ് ഉമർ ഫൈസിക്ക് ഷോക്കോസ് നോട്ടീസ് നൽകിയത്.

മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നുമായിരുന്നു ഉമർ ഫൈസി മുക്കതിന്റെ വിവാദ പ്രസംഗം. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് ‌ തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികം ആവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാദിഖലി തങ്ങൾ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തിയിരുന്നു.

പരാമർശം വിവാദമായതോടെ കെ എം ഷാജി അടക്കമുള്ള ലീഗ് നേതാക്കൾ ഉമർ ഫൈസിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. വിവാദങ്ങൾക്കിടെ പാണക്കാട് തങ്ങൾ ഖാസിയായി ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും പരാമർശത്തിൽ ഉറച്ചുനിൽകുക കൂടിയാണ് അദ്ദേഹം ചെയ്തത്.

ഖാസി ഫൗണ്ടേഷൻ സമസ്തയെ തകർക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും, എടവണ്ണപ്പാറയിൽ നടത്തിയ പ്രസം​ഗത്തിൽ ഉറച്ച് നിൽക്കുന്നുവെന്നുമാണ് വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ അദ്ദേഹം റിപ്പോർട്ടറോട് പറഞ്ഞത്. സാദിഖലി ശിഹാബ് തങ്ങളുടെ യോഗ്യത ചോദ്യം ചെയ്തിട്ടില്ല. യോഗ്യതയുണ്ടോയെന്ന് ഓരോ ഖാസിമാരും ചിന്തിക്കണമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

'പ്രസം​ഗത്തിൽ തങ്ങളുടെ പേര് പരാമർശിച്ചിട്ടില്ല. പാണക്കാട് തങ്ങൾമാര്‍ ഖാസിയായ സ്ഥലങ്ങളുടെ കൂട്ടായ്മയാണ് ഖാസി ഫൗണ്ടേഷൻ എന്നാണ് അത് പ്രവർത്തിപ്പിക്കുന്നവർ പ്രചരിപ്പിക്കുന്നത്. അത് തങ്ങൾമാർക്ക് അറിയുമോ എന്ന് അറിയില്ല. എല്ലാ മഹല്ലുകളും ഒരു കുടക്കീഴിൽ എന്ന് പറഞ്ഞാണ് ഖാസി ഫൗണ്ടേഷനിൽ നടക്കുന്നത്. ഇത് വിഭാ​ഗീയതയുണ്ടാക്കാനുള്ള ശ്രമമാണെന്നുള്ള സംശയമുണ്ട്. അത് സമസ്തയ്ക്ക് എതിരായ നീക്കമാണോ എന്ന സംശയമുണ്ട്' എന്നായിരുന്നു ഈ വിഷയത്തിൽ ഉമർ ഫൈസി മുക്കത്തിൻ്റെ വിശദീകരണം.

Content Highlights: samastha sends notice to umar faizy mukkam at controversial remarks

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us