പാലക്കാട്: കോൺഗ്രസ് നേതാക്കൾക്കെതിരായ കള്ളപ്പണ വിവാദത്തിൽ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് മാത്രമുള്ള നിർദ്ദേശത്തിൽ സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല.
അതേസമയം, ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയുമായി കോൺഗ്രസും ട്രോളി ബാഗ് സമരത്തിനൊരുങ്ങുകയാണ്. പൊതുജങ്ങൾ സത്യമെന്താണെന്ന് അറിയണമെന്നും സിപിഐഎം നടത്തിയ ഗൂഢാലോചനയ്‌ക്കെതിരെ കോൺഗ്രസും ശക്തമായ സമരമാർഗങ്ങളിലേക്ക് പോകുകയാണെന്നും രാഹുൽ റിപ്പോർട്ടറിനോട് പറഞ്ഞു.
രണ്ടാമത്തെ ബാഗിലും ദുരൂഹതയുണ്ടെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന്, അവ പൊലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു രാഹുലിന്റെ മറുപടി. രണ്ടാമത്തെ ബാഗ് എടുക്കാൻ ധൃതി പിടിച്ചത് പെട്ടെന്ന് കോഴിക്കോട്ടേക്ക് പോകാനിറങ്ങുമ്പോളാണ്. തന്റെയടുക്കൽ എപ്പോഴും വസ്ത്രങ്ങൾ അടങ്ങിയ ബാഗ് ഉണ്ടാവാറുണ്ട്. ഫ്ലാറ്റിൽ നിന്നല്ല വസ്ത്രങ്ങളുമായി കെപിഎം ഹോട്ടലിലേക്ക് വന്നത്. സംശയമുണ്ടെങ്കിൽ ഫ്ലാറ്റിലെ സിസിടിവിയും പരിശോധിക്കാമെന്നും രാഹുൽ പറഞ്ഞു.
എന്തിനാണ് ഇത്രയുമധികം വസ്ത്രങ്ങൾ എന്ന സിപിഐഎം ചോദ്യത്തിന് ഏതെല്ലാം വസ്ത്രങ്ങൾ കൊണ്ടുപോകണം എന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിനും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ അനുമതി വാങ്ങണോയെന്നുമായിരുന്നു രാഹുലിന്റെ മറുപടി. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെ. ഏത് പൊലീസ് അന്വേഷണവുമായും താൻ സഹകരിക്കും. തന്റെ ട്രോളി ബാഗിൽ എത്ര വസ്ത്രം കൊണ്ടു നടക്കണമെന്ന് പറയാൻ സിപിഐഎം ജില്ലാ സെക്രട്ടറി ആരാണെന്നും, എല്ലാ കാര്യവും അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും രാഹുൽ പ്രതികരിച്ചു.
അതേസമയം, 'ചാക്കും ട്രോളിയും വേണ്ട, പാലക്കാടിന് വികസനം വേണം' എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാലക്കാട് കോട്ടമൈതാനത്ത് പ്രതിഷേധിച്ചു. പ്രതികൂട്ടിൽ ആരൊക്കെ ഉണ്ടാകുമെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാലക്കാട് കാണിച്ചുതരുമെന്നും സത്യം തുറന്നുകാണിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രതിഷേധം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഡോ പി സരിൻ പറഞ്ഞു. അന്വേഷണം ഒരു വ്യക്തിയിലേക്ക് ചുരുങ്ങരുതെന്നും അങ്ങനെ ചെയ്താൽ രക്ഷപ്പെടുന്നത് മറ്റ് പലരുമാണെന്നും പറഞ്ഞ സരിൻ അടിക്കടി വേഷം മാറുന്നവരെയും, വേഷങ്ങൾ കൊണ്ടുനടക്കുന്നവരെയും പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്നും കൂട്ടിച്ചേർത്തു.
Content Highlights: election commission asks details on palakkad blackmoney issue