Jan 24, 2025
02:13 PM
കാസര്‍ഗോഡ്: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കേസ് പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ ജോലിയില്‍ നിന്ന് നീക്കി കണ്ണൂര്‍ സര്‍വകലാശാല. മഞ്ചേശ്വരം ലോ കോളേജിലെ താത്കാലിക അധ്യാപകനായ ഷെറിന്‍ സി എബ്രഹാമിനെയാണ് പിരിച്ചുവിട്ടത്. ഇനി മുതല്‍ ജോലിക്കെത്തേണ്ടെന്ന് എച്ച് ഒ ഡി അറിയിച്ചതായി ഷെറിന്‍ സി എബ്രഹാം പറഞ്ഞു. എസ്എഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് ആരോപണം.
എല്‍എല്‍ബി പരീക്ഷാ ചോദ്യപേപ്പറിലാണ് അധ്യാപകന്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ഉള്‍പ്പെടുത്തിയത്. ത്രിവത്സര എല്‍എല്‍ബി മൂന്നാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷാ പേപ്പറിലാണ് ചോദ്യം ഉള്‍പ്പെടുത്തിയത്. എന്നാല്‍ ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്നാണ് ഷെറിന്റെ വിശദീകരണം. അധ്യാപകനെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റേഴ്‌സ് ഫോറം രംഗത്തെത്തി.
അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം നാളെയോ ശനിയാഴ്ചയോ പത്തനംതിട്ടയിലെത്തി പങ്കാളി മഞ്ജുഷയുടെ മൊഴിയെടുക്കും. ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം. മൊഴി രേഖപ്പെടുത്താത്തതിനെതിരെ കുടുംബം കോടതിയില്‍ വാദമുന്നയിക്കുകയും ചെയ്തിരുന്നു.
എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയും കോടതിയില്‍ ആവശ്യപ്പെട്ടത്. പി പി ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി രണ്ട് മണിക്കൂറോളമാണ് വിശദമായ വാദം കേട്ടത്. തുടര്‍ന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു.
Content Highlights: Teacher fired from Kannur University by SFI Complaint