പാലക്കാട്: ട്രോളി വിവാദത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി പാലക്കാട് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. വിഷയത്തിൽ അന്വേഷണം നടക്കേണ്ടതുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നതാണ്. യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കെപിഎം റീജൻസിയിൽ നിന്നും പ്രസ് ക്ലബ്ബിലേക്ക് കാറിൽ പോയി എന്നത് വസ്തുതാവിരുദ്ധമാണ്. പത്ത് മീറ്റർ പോലും ദൂരമില്ല. വീണ്ടും മറ്റൊരു കാറിൽ കയറി. ഇതൊക്കെ സിനിമയിൽ മാത്രം കാണുന്ന കാര്യങ്ങളാണ്. ചില കാര്യങ്ങൾ വിദഗ്ദമായി മറച്ചുവെക്കാൻ രാഹുൽ നുണ പറയുകയാണ്. പാലക്കാട്ടേക്ക് കള്ളപ്പണം വന്നിട്ടുണ്ടെന്ന വാദത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്. കൊടകര കുഴൽപ്പണത്തിൻ്റെ പങ്ക് പാലക്കാട് എത്തി എന്ന് സംശയിക്കുന്നുവെന്നും സുരേഷ് ബാബു പറഞ്ഞു.
ആദ്യ ഘട്ടത്തിൽ രാഹുൽ കോഴിക്കോടേക്ക് പോയി എന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞില്ല. കാറിൽ നിന്നും ലൈവ് തരാൻ പോലും തയ്യാറായില്ല. മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. കാര്യങ്ങൾ ഒളിച്ച് വെക്കാനാണ് ശ്രമിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നുണ പറഞ്ഞത്. കൊടകരയിലെ പങ്കായി ഷാഫിക്ക് കിട്ടിയ 4 കോടി പാലക്കാട് എത്തിയിട്ടുണ്ട്. അത് പൊലീസ് അന്വേഷിച്ച് പുറത്ത് കൊണ്ട് വരണം. എൻ എൻ കൃഷ്ണദാസിൻ്റെ പ്രതികരണം കണ്ടിട്ടില്ല. എല്ലാ വിഷയവും പാലക്കാട് ചർച്ച ചെയ്യും. കൈതോല പായ, ഈന്തപ്പഴം, സ്വർണക്കടത്ത് ഓക്കെ മുമ്പ് തെരഞ്ഞെടുപ്പ് സമയത്ത് ചർച്ചയായിട്ടുണ്ട്. രാഷ്ട്രീയ കാര്യങ്ങളും, കേന്ദ്ര അവഗണ ഉൾപ്പെടെ ഇത്തവണ പാലക്കാട് ചർച്ചയാവുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയതാണ്. അദ്ദേഹത്തോട് തന്നെ നിങ്ങൾ വിശദീകരണം ചോദിക്കണം. ജനകീയ വിഷയങ്ങൾ ചർച്ചയാകുന്നുണ്ട്. പരാതിയിൽ പൊലീസ് കേസെടുക്കുമെന്ന് കരുതുന്നു. ഇതുവരെ പൊലീസ് വിളിച്ചിട്ടില്ല. കൃഷ്ണദാസിൻ്റെ പ്രതികരണം പാർട്ടിക്ക് പ്രതിസന്ധിയല്ല. കോൺഗ്രസ് ഇത് ചർച്ചയാകാതിരിക്കാൻ നിലപാട് സ്വീകരിക്കുകയാണ്. കള്ളപ്പണ വിഷയം കഴമ്പില്ലാത്തതാണ് എന്ന് തോന്നിയിട്ടില്ല. കള്ളപ്പണം വന്നു എന്ന നിലപാട് പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: EN Suresh babu slams congress