'നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് തന്നെയാണ് എന്റെയും ആഗ്രഹം'; ആദ്യമായി പ്രതികരിച്ച് പി പി ദിവ്യ

'മാധ്യമപ്രവര്‍ത്തകരായാലും പൊതുജനങ്ങളായാലും പൊതുപ്രവര്‍ത്തന രംഗത്ത് എന്നെ കാണാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി'

dot image

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഖമുണ്ടെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. ജനപ്രതിനിധിയായ 14 വര്‍ഷം എല്ലാവരോടും സഹകരിച്ച് പോകുന്നൊരാളാണ് താനെന്നും ദിവ്യ പ്രതികരിച്ചു. നിയമത്തില്‍ വിശ്വാസമുണ്ടെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു.

P P Divya
കണ്ണൂർ വനിതാ ജയിലിന് മുന്നിൽ നിന്നുള്ള ദൃശ്യം

ആദ്യമായാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യ പ്രതികരിക്കുന്നത്. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ 11 ദിസങ്ങള്‍ക്ക് ശേഷം ഇന്നാണ് ദിവ്യ ജയിലില്‍ നിന്നിറങ്ങുന്നത്. കണ്ണൂര്‍ വനിതാ ജയിലിന് പുറത്ത് നിന്നായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

ദിവ്യയുടെ വാക്കുകള്‍

നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖം എന്നെ സംബന്ധിച്ചുണ്ട്. മാധ്യമപ്രവര്‍ത്തകരായാലും പൊതുജനങ്ങളായാലും പൊതുപ്രവര്‍ത്തന രംഗത്ത് എന്നെ കാണാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ 14 വര്‍ഷം ജനപ്രതിനിധിയെന്ന നിലയില്‍ ഒരുപാട് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി എല്ലാവരുമായി സഹകരിച്ച് പോകുന്നൊരാളാണ് ഞാന്‍.

ഞാന്‍ സദുദ്ദേശപരമായി മാത്രമേ ഉദ്യോഗസ്ഥരോട് സംസാരിക്കാറുള്ളൂ. ഞാനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാഗം ഞാന്‍ കോടതിയില്‍ പറയും. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയുള്ള അവസരം എനിക്ക് കോടതിയില്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.

Content Highlights: P P Divya first responds after bail

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us