കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജാമ്യം ലഭിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങി. അഭിഭാഷകനും പാര്‍ട്ടി നേതാക്കളുമാണ് ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് സ്വീകരിച്ചത്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
അതേസമയം പുറത്തിറങ്ങിയതിന് പിന്നാലെ ആദ്യമായി നവീന്‍ ബാബുവിന്റെ കേസില്‍ പി പി ദിവ്യ പ്രതികരിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്നും വര്‍ഷങ്ങളായി പൊതുജനങ്ങളോടൊപ്പം നില്‍ക്കുന്നയാളാണ് താനെന്നും ദിവ്യ പറഞ്ഞു.
'സദുദ്ദേശപരമായിട്ട് മാത്രമാണ് സംസാരിച്ചത്. നിയമത്തില്‍ വിശ്വസിക്കുന്നു. എന്റെ ഭാഗം കോടതിയില്‍ പറയും. കോടതിയില്‍ എല്ലാം പറയും. മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണം', പി പി ദിവ്യ പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്.
കര്‍ശന ഉപാധികളോടെയാണ് പി പി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും പി പി ദിവ്യ 10 മണിക്കും 11 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി. ദിവ്യ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തു പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് ദിവ്യയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പ്രതികരണം. കുടുംബം ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
അതേസമയം പി പി ദിവ്യയെ പാര്‍ട്ടി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും നീക്കി. പാര്‍ട്ടി അംഗത്വം മാത്രമേ നിലവില്‍ ദിവ്യയ്ക്കുള്ളു. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത് നടപടി തീരുമാനിക്കുകയായിരുന്നു. ദിവ്യയുടെ ഭാഗം കൂടി കേട്ടതിനു ശേഷം നടപടി മതിയെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷം പേരും സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു.
Content Highlights: P P Divya Out From Jail, And Her FIrst Reaction