ഇടിയോട് കൂടിയ മഴ തുടരും; മലയോര മേഖലകളില്‍ ഉച്ചയോടെ മഴ കനക്കും, മത്സ്യബന്ധനത്തിന് വിലക്ക്

ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമായ സാഹചര്യത്തില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് 11 വരെ മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത മണിക്കൂറുകളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. ഇത് തമിഴ്‌നാട്-ശ്രീലങ്ക തീരത്തേക്ക് നീങ്ങിയേക്കും.

ഇന്ന് വടക്കന്‍ തമിഴ്നാട് തീരം, തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്നിട്ടുള്ള കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറേ ബംഗാള്‍ ഉള്‍ക്കടലിലെ മിക്ക ഭാഗങ്ങള്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 - 45 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതുകൊണ്ട് മത്സ്യബന്ധനം ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

Content Highlight: Heavy rain alert in state; Thunderstorm alert

dot image
To advertise here,contact us
dot image