പാലക്കാട്: വയനാടിനേക്കാള്‍ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം എന്ന വാര്‍ത്ത ഇടതുപക്ഷത്തെ ആവേശത്തിലാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാടാണ് എല്ലാവരുടെയും ശ്രദ്ധ. പ്രിയങ്ക മത്സരിക്കുന്ന വയനാടിനെ പിന്തള്ളി. ശ്രീധരന് കിട്ടിയ വോട്ട് ബിജെപിക്ക് കിട്ടില്ല. ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിനും കിട്ടില്ല. എല്‍ഡിഎഫ് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് കേരളത്തിലുടനീളം അവമതിപ്പുണ്ട്. ഇടതുപക്ഷം ബാഗിന്റെ പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല. യാദൃശ്ചികമായി വന്ന പ്രശ്‌നമാണ്. അത് ഉപേക്ഷിക്കേണ്ട പ്രശ്‌നമല്ല. കൃത്യമായ അന്വേഷണം നടത്തേണ്ട കാര്യമാണ്. ഐഡി കാര്‍ഡ് ഉണ്ടാക്കിയത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതിന് പ്രത്യേകം തെളിവ് വേണ്ട. പെട്ടി വിഷയം അടഞ്ഞ അധ്യായമേയല്ല, പ്രധാന വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഉയര്‍ന്നുവന്ന ട്രോളി വിവാദം യുഡിഎഫിന് തിരിച്ചടിയാണ്. ട്രേളി ബാഗുള്‍പ്പെടെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും. അത് പാര്‍ട്ടിയുടെ സെക്രട്ടറിയുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണദാസിനെ തിരുത്തുമോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ എം വി ഗോവിന്ദന്‍ തയ്യാറായില്ല.
കൊടകര കുഴല്‍പ്പണത്തിന്‌റെ പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ടെന്ന സിപിഐഎമ്മിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടി. അന്വേഷണം ഇല്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും റൂറല്‍ എസ്പി ആര്‍ ആനന്ദ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു.
'കൊടകര കുഴല്‍പ്പണത്തിന്റെ ഒരു പങ്ക് പാലക്കാട്ടേക്ക് എത്തിയിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസ് കെപിഎം റീജന്‍സിയില്‍ എത്തിച്ചത്. ഈ വിഷയത്തില്‍ പൊലീസ് പ്രത്യേകം കേസെടുക്കണം' എന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് പൊലീസിന് പാര്‍ട്ടി കത്ത് കൈമാറിയത്.
പരിശോധന നടത്തിയ കെപിഎം റീജന്‍സി നേരത്തെ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. റെയ്ഡിനിടെ സിപിഐഎം-ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായെന്നും ഹോട്ടലിന് ഇതുമൂലം നാശനഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കെപിഎം പരാതി നല്‍കിയത്.
Content Highlight: MV Govindan says Trolley controversy a setback for UDF