ഗവർണർ വിദ്യാർത്ഥികളെ അവതാളത്തിലാക്കുന്നു;ഡിജിൽ,സാങ്കേതിക സർവകലാശാലകളിൽ വിസിയെ ഉടൻ നിയമിക്കണമെന്ന് എസ്എഫ്ഐ

വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരിച്ച് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ പോലും ലഭിക്കുന്നില്ലെന്ന് എസ്എഫ്‌ഐ

dot image

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ. പുതിയ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാത്ത ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കുകയാണെന്ന് എസ്എഫ്‌ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരിച്ച് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ പോലും ലഭിക്കുന്നില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ പദവി ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ സര്‍വകലാശാലകളുടെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പോലും കഴിയാത്ത രീതിയിലേക്ക് യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനം മാറിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരിച്ച് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ വൈസ് ചാന്‍സലര്‍ ഇല്ലാത്തതിനാല്‍ നല്‍കാന്‍ പോലും സാധിക്കാത്ത രീതിയില്‍ ആണ് യൂണിവേഴ്‌സിറ്റികളുടെ ഇപ്പോഴത്തെ സാഹചര്യം. സാങ്കേതിക സര്‍വകലാശാലയില്‍ രണ്ടായിരത്തിലധികം സര്‍ട്ടിഫിക്കറ്റ് അപേക്ഷകളും, അപേക്ഷിച്ച് 2 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യേണ്ട ഫാസ്റ്റ് ട്രാക്ക് അപേക്ഷകളിലും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ പോലും യൂണിവേഴ്‌സിറ്റിക്ക് സാധിച്ചിട്ടില്ല', എസ്എഫ്‌ഐ പറയുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ആര്‍എസ്എസ് - ബിജെപി നിലപാടുകളുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചാന്‍സലര്‍ നേതൃത്വം നല്‍കുന്നതെന്നും എസ്എഫ്‌ഐ ആരോപിച്ചു. കാലാവധി കഴിഞ്ഞ ഉടന്‍ ആരോഗ്യ, കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി മോഹനന്‍ കുന്നുമ്മലിനെ വീണ്ടും നിയമിക്കാന്‍ കാണിച്ച തിടുക്കം ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളുടെ കാര്യത്തില്‍ ചാന്‍സലര്‍ കാണിക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

'താത്കാലിക വൈസ് ചാന്‍സലര്‍മാര്‍ ആയി നിയമിക്കാന്‍ കഴിയുന്ന ആളുകളുടെ ലിസ്റ്റ് സര്‍ക്കാര്‍ ചാന്‍സലര്‍ക്ക് കൈമാറിയിട്ടും കണ്ടില്ലെന്ന മട്ടിലാണ് അദ്ദേഹം പെരുമാറുന്നത്. വൈസ് ചാന്‍സലര്‍ ഇല്ലാത്തതിനാല്‍ യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഗവര്‍ണര്‍ക്കുള്ളത്', എസ്എഫ്‌ഐ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തില്‍ ആക്കുന്ന തീരുമാനത്തില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകളില്‍ നിന്നും സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ ഉടന്‍ നിയമിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

Content Highlights: SFI wants to appoint VCs in Digital and Technical Universities immediately

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us