നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയർ സൂപ്രണ്ട് തസ്തിക അനുവദിച്ചേക്കും

നിലവിലെ മാനസികാവസ്ഥയിൽ കൂടുതൽ ഉത്തരവാദിത്തമുള്ള തഹസിൽദാർ ജോലി നിർവ്വഹിക്കുക ബുദ്ധിമുട്ടാണെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ ധരിപ്പിച്ചിട്ടുണ്ട്

dot image

പത്തനംതിട്ട: കോന്നി തഹസിൽദാർ ചുമതലയിൽ നിന്ന് ഒഴിവാക്കി പകരം മറ്റൊരു തസ്തിക നൽകണമെന്ന, എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭ്യർത്ഥന റവന്യൂവകുപ്പ് പരിഗണിച്ചേക്കും. നിലവിലെ മാനസികാവസ്ഥയിൽ കൂടുതൽ ഉത്തരവാദിത്തമുള്ള തഹസിൽദാർ ജോലി നിർവ്വഹിക്കുക ബുദ്ധിമുട്ടാണെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ ധരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയർ സൂപ്രണ്ട് തസ്തിക റവന്യൂ വകുപ്പ് മഞ്ജുഷയ്ക്ക് അനുവദിച്ചേക്കും.

നിലവിൽ അവധിയിലാണ് മഞ്ജുഷ. പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത് അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം സാവകാശം മതിയെന്നാണ് കുടുംബത്തിൻ്റെ തീരുമാനം. ഹൈക്കോടതിയിൽ എതിർവിധി ഉണ്ടായാൽ മൂന്നോട്ടുള്ള നിയമ നടപടിയെ അത് ദോഷകരമായി ബാധിക്കും എന്ന വിലയിരുത്തലിലാണ് കുടുംബം.

അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ പാർട്ടി തരംതാഴ്ത്തൽ നടപടിയെ അം​ഗീകരിക്കുന്നുവെന്ന് പി പി ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. പാർട്ടിയെ അതൃപ്തി അറിയിച്ചുവെന്ന മാധ്യാമവാർത്തകൾ തെറ്റാണ്. താൻ പറയാത്ത കാര്യങ്ങൾ വ്യാഖ്യാനിച്ച് എടുക്കുന്നതിന് താൻ ഉത്തരാദിയല്ലെന്നും ദിവ്യ പറഞ്ഞു.

'എൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല .അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല .മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എൻ്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.' എന്നാണ് ദിവ്യ കുറിച്ചത്.

തലശ്ശേരി സെഷൻസ് കോടതിയാണ് പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്. ഇതോടെ 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ പുറത്തിറങ്ങിയത്.

Content Highlights: Naveen Babu's wife Manjusha may be given the post of Senior Superintendent in Pathanamthitta Collectorate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us