പാലക്കാട്: ചിറ്റൂരില്‍ സ്പിരിറ്റുമായി പിടിക്കപ്പെട്ടത് കോണ്‍ഗ്രസ് കുടുംബാംഗമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍. സ്പിരിറ്റിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ സിപിഐഎം പ്രാദേശിക നേതാവാണെന്നും ഡിസിസി വൈസ് പ്രസിഡൻ്റ് ആരോപിച്ചു. കൊഴിഞ്ഞാമ്പാറയിലെ സിപിഐഎം നേതാവ് ശ്രീധരന്റേതാണ് സ്പിരിറ്റ്. ഇവരുടെ ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചാല്‍ തെളിവ് ലഭിക്കുമെന്നും സുമേഷ് പറഞ്ഞു.
സിപിഐഎം സഹായത്തോടെയാണ് ചിറ്റൂരില്‍ സ്പിരിറ്റ് കടത്തുന്നത്. സ്പിരിറ്റ് കച്ചവടം പാര്‍ട്ടിയാണ് കൈകാര്യം ചെയ്യുന്നത്. ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മന്ത്രി പരാജിതനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ സഹായത്തോടെയാണ് സ്പിരിറ്റ് കടത്ത്. മന്ത്രിയുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നും സുമേഷ് അച്യുതന്‍ പറഞ്ഞു.
പെട്ടി ആരോപണത്തിന്റെ കെട്ടടങ്ങും മുമ്പേയാണ് കോൺഗ്രസിനെതിരെ സ്പിരിറ്റ് വിവാദവുമായി സിപിഐഎം രംഗത്തെത്തിയത്.
കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലെ തെങ്ങിന്‍തോപ്പില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. സംഭവത്തില്‍ വണ്ണാമട സ്വദേശി എ മുരളി(50)യെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നിലവില്‍ സ്പിരിറ്റ് പിടികൂടിയ തോപ്പില്‍ കള്ള് ചെത്ത് നടത്തുന്നില്ല. മുന്‍പ് ചെത്തിയിരുന്ന സമയത്ത് സ്ഥാപിച്ച ഷെഡില്‍ നിന്നാണ് വന്‍ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. 1326 ലിറ്റര്‍ സ്പിരിറ്റ് 35 ലിറ്റര്‍ കൊള്ളാവുന്ന 39 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
Content Highlight: One arrested with spirit belongs to congress fam says DCC vicepresident, claims masterhead from cpim