അവിവാഹിതരും ഗര്‍ഭിണികൾ; 'പൊല്ലാപ്പായി' ഉത്തർപ്രദേശിലെ സർക്കാർ രേഖ

പ്രായപൂര്‍ത്തിയാകാത്തവർ ഉള്‍പ്പെടെയുള്ളവരാണ് രേഖകളില്‍ ഗര്‍ഭിണികളായി മാറിയത്

dot image

ലഖ്‌നൗ: വിവാഹിതരാകാത്ത നാല്‍പതിലധികം പെണ്‍കുട്ടികളെ ഗര്‍ഭിണികളാക്കി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ രേഖകളിലാണ് അവിവാഹിതരെ ഗര്‍ഭിണികളെന്ന് അടയാളപ്പെടുത്തിയത്. മല്‍ഹിയ ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങളില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്തവർ ഉള്‍പ്പെടെയുള്ള സംഘമാണ് രേഖകളില്‍ ഗര്‍ഭിണികളായി മാറിയത്. വനിത ശിശുക്ഷേമ വികസന വകുപ്പിന്റെ രേഖകളിലാണ് സംഭവം.

മാതൃആരോഗ്യ-പോഷകാഹാര സേവനങ്ങള്‍ ലഭ്യമാക്കാമെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ക്ക് സന്ദേശം ലഭിച്ചതോടെയാണ് രേഖകളിലെ 'മുട്ടന്‍ തെറ്റ്' പുറത്തറിയുന്നത്. അവിവാഹിതരായ പെണ്‍കുട്ടികളെ മുലയൂട്ടുന്ന അമ്മമാര്‍ എന്നാണ് സന്ദേശത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ചൂടുള്ള ഭക്ഷണം, റേഷന്‍, ആരോഗ്യ നിരീക്ഷണ സേവനങ്ങള്‍, മുലയൂട്ടല്‍ സഹായ സേവനങ്ങള്‍ എന്നിവ അടുത്തുള്ള അംഗനവാടികളില്‍ നിന്നും ലഭ്യമാണെന്നും സന്ദേശത്തിലുണ്ട്.

ചിലര്‍ക്ക് കുഞ്ഞിനെ പോഷകാഹാര ട്രാക്കറില്‍ ചേര്‍ത്തതിന് നന്ദിയറിയിച്ചാണ് സന്ദേശം ലഭിച്ചത്. ഗ്രാമത്തിലെ അവിവാഹിതയായ യുവതിക്ക് അയച്ച സന്ദേശത്തില്‍ നിങ്ങളുടെ മകന്‍ 'പിഹു'വിനെ ട്രാക്കറില്‍ ചേര്‍ത്തതിന് നന്ദിയെന്നായിരുന്നു പരാമര്‍ശം. തുടര്‍ച്ചയായി പ്രദേശത്ത് നിരവധി പേര്‍ക്ക് സമാന രീതിയില്‍ സന്ദേശങ്ങള്‍ ലഭിച്ചതോടെ ഇവര്‍ വാരാണസിയിലെ ചീഫ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്ക് (സിഡിഒ) പരാതി നല്‍കുകയായിരുന്നു.

സന്ദേശം ലഭിച്ച പെണ്‍കുട്ടികളെ സംബന്ധിച്ച രേഖകള്‍ വോട്ടര്‍ ഐഡി രജിസ്റ്റര്‍ ചെയ്യുന്നതിനായി കൈമാറിയിരുന്നുവെന്ന് ഗ്രാമ മുഖ്യന്‍ പറയുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ അംഗനവാടി ജീവനക്കാരിയെ ചോദ്യം ചെയ്തപ്പോള്‍ അബദ്ധം പറ്റിയതാകാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതായാണ് റിപ്പോര്‍ട്ട്.

വോട്ടർ ഐഡിക്കായി 40ഓളം പെണ്‍കുട്ടികൾ നൽകിയ രേഖകളാണ് അതിന് പകരം മാതൃ ആരോഗ്യ രേഖകളിലേക്ക് ചേര്‍ത്തത്. അംഗനവാടിയുടെ പ്രവര്‍ത്തനത്തില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമ മുഖ്യന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് വഴി ആവശ്യക്കാര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബൂത്ത് ലെവല്‍ ഓഫീസറായും അംഗനവാടി ജീവനക്കാരി ജോലി ചെയ്യുന്നുണ്ടെന്നും ഇതിനിടെ ഫോമുകള്‍ പരസ്പരം മാറിപ്പോയതാണ് സംഭവത്തിന് പിന്നിലെന്നും സിഡിഒ ഹിമാന്‍ഷു നാഗ്പാല്‍ പറഞ്ഞു. തെറ്റായ രേഖകള്‍ പോര്‍ട്ടലില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അംഗനവാടി ജീവനക്കാരിക്കെതിരെ നോട്ടീസ് നല്‍കിയതായും നാഗ്പാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: 40 unmarried girls in Varanasi registered as 'pregnant' in government records

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us