പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഐഎം ഔദ്യോഗിക പേജില്‍ വന്ന വിഷയത്തില്‍ പരാതി നല്‍കി സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം. എസ്പിക്ക് പരാതി കൈമാറിയതായി സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചു. അവൈലബിള്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഓണ്‍ലൈനായി വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കാന്‍ തീരുമാനം ആയത്.
'പാലക്കാട് എന്ന സ്‌നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയായിരുന്നു സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ വീഡിയോ പേജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 63,000ത്തോളം ഫോളോവേഴ്‌സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദൃശ്യം പോസ്റ്റ് ചെയ്തതിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലും കൂട്ടരുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സാങ്കേതികമായി എഫ് ബി പേജില്‍ നുഴഞ്ഞുകയറാന്‍ കഴിയുന്ന ആളുകളെ വെച്ച് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പത്തനംതിട്ടയില്‍ മാത്രമല്ല, പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്ന് രാഹുല്‍ പ്രതികരിച്ചു. സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതിന്റെ പ്രതിഫലനമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കണ്ടത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കും തനിക്കും ഒരേ നിലപാടാണ്. പത്തനംതിട്ട സിപിഐഎമ്മില്‍ വിഭാഗീയതയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Content Highlights: Pathanamthitta CPIM Complaints on FB post raw