കൊച്ചി, ശബരിമല തീർത്ഥാടകർക്ക് മണ്ഡല കാലത്തും മകരവിളക്ക് സമയത്തും പമ്പയിൽ വാഹന പാർക്കിങ് അനുവദിച്ച് ഹൈകോടതി. ഹിൽടോപ്പ്, ചെക്കുപാലം 2 എന്നിവിടങ്ങളിലാണ് അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകാൻ പാടില്ല എന്ന് കേരള പൊലീസും കെഎസ്ആർടിസിയും പറഞ്ഞിരുന്നു എന്നാൽ ഈ എതിർപ്പ് അവഗണിച്ചാണ് ദേവസ്വം ബെഞ്ച് ഉത്തരവ് ഇറക്കിയത്.
വർഷങ്ങൾക്ക് ശേഷമാണ് പമ്പയിൽ വാഹന പാർക്കിങ് അനുവദിക്കുന്നത്. റോഡിൻ്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ആരെങ്കിലും റോഡിന് സമീപം വാഹനം പാർക്ക് ചെയ്യുകയാണെങ്കിൽ അവർക്ക് കനത്ത പിഴ ഈടാക്കണമെന്നും കൂടാതെ, വാഹനം സ്ഥലത്ത് നിന്ന് നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു.
അനുമതിയിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഇടപെടുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പമ്പയിൽ കൂടി പാർക്കിങ് അനുവദിച്ചാൽ വലിയ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും ഗതാഗത കുരുക്കുണ്ടാക്കുമെന്നും കെഎസ്ആർടിസി വാദിച്ചിരുന്നു. മുൻപ് നിലക്കൽ വരെ സ്വന്തം വാഹനത്തിൽ എത്തിയ ശേഷം കെഎസ്ആർടി ബസിൽ പമ്പയിലേക്ക് യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു. ഈ അവസ്ഥയിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്, ഇത് ഭക്തർക്ക് കൂടുതൽ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.
Content Highlights- High Court gives relief to Sabarimala pilgrims on parking in Pampa