കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മാത്യു കുഴല്‍നാടന്‍. പിണറായി വിജയനെ കണ്‍വീന്‍സിങ് സ്റ്റാറെന്ന് വിളിക്കുന്ന ചിത്രങ്ങളാണ് മാത്യു കുഴല്‍ നാടന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പിണറായി വിജയനും ആലത്തൂര്‍ എംപി കെ രാധാകൃഷ്ണനും ഒരുമിച്ചുള്ളതും, പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചുള്ളതുമായ ചിത്രങ്ങളാണ് മാത്യു കുഴല്‍നാടന്‍ പങ്കുവെച്ചത്. രണ്ട് ചിത്രത്തിലും ഓരോ ക്യാപ്ഷനുകളും ഇരു ചിത്രങ്ങള്‍ക്ക് താഴെയുമായി കണ്‍വീന്‍സിങ് സ്റ്റാറെന്ന് വിശേഷിപ്പിക്കുന്ന നടന്‍ സുരേഷ് കൃഷ്ണയുടെ ചിത്രവും പങ്കുവെക്കുന്നുണ്ട്.
'നിങ്ങള്‍ ഡല്‍ഹിയില്‍ പോയി ഉന്നത പദവി വഹിക്ക്, ഞാന്‍ അവനെ മുഖ്യമന്ത്രിയാക്കിയിട്ട് വരാം', എന്ന ക്യാപ്ഷന്‍ കെ രാധാകൃഷ്ണനൊപ്പമുള്ള ചിത്രത്തിനൊപ്പവും 'നിങ്ങള്‍ ഇ ഡിയെ ഒന്ന് കൈകാര്യം ചെയ്യ്, ഞാന്‍ പോയി തൃശൂര്‍ ശരിയാക്കിയിട്ട് വരാം', എന്ന ക്യാപ്ഷന്‍ മോദിയോടപ്പമുള്ള ചിത്രത്തിനൊപ്പവും പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ചേലക്കര അതിർത്തിയിൽ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം കൊണ്ടുവന്നതാണെന്ന് അദ്ദേഹം റിപ്പോർട്ടറിനോട് പ്രതികരിച്ചു. ചേലക്കരയിൽ പരാജയപ്പെടാൻ പോകുന്നു എന്നതിൽ സിപിഐഎമ്മിന് വെപ്രാളമുണ്ടെന്നും അതുകൊണ്ട് പണവും മദ്യവും ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
'പാലക്കാട്ടേക്ക് കരുതിവെച്ച ട്രോളി സിപിഐഎം ചേലക്കരയിലേക്ക് തിരിച്ചുവിട്ടു. ചേലക്കരയിൽ പരാജയപ്പെടും എന്ന തിരിച്ചറിവ് സിപിഐഎമ്മിനുണ്ട്. ചേലക്കരയിലെ ജനങ്ങളെ കബളിപ്പിക്കാൻ സിപിഐഎമ്മിന് ആവില്ല. സർക്കാരും പൊലീസും സിപിഐഎം പക്ഷത്തായതിനാൽ ഔദ്യോഗിക സ്ഥിരീകരണം വൈകുകയാണ്. പട്ടികജാതി വിവാദം ചേലക്കരയിൽ പ്രതിഫലിക്കും. ജാതി രാഷ്ട്രീയത്തെ സമർത്ഥമായി കൈകാര്യം ചെയ്ത പാർട്ടിയാണ് സിപിഐഎം', മാത്യു കുഴൽനാടൻ പറഞ്ഞു.
നേരത്തെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രാധാന്യമില്ലെന്ന വിമര്‍ശനവും മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയിരുന്നു. എല്‍ഡിഎഫും യുഡിഎഫും മാറിമാറി കേരളം ഭരിച്ചപ്പോഴും എക്കാലത്തും പട്ടികജാതി വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ അധികാരം ഉണ്ടായിരുന്നെങ്കില്‍ അതില്ലാതാക്കിയ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
'കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനത്ത് നിന്നും മാറിയതോടുകൂടി ചരിത്രത്തില്‍ ആദ്യമായി പട്ടികജാതി വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ അധികാരം ഇല്ലാതെയായി, എല്‍ഡിഎഫും യുഡിഎഫും മാറിമാറി കേരളം ഭരിച്ചപ്പോഴും എക്കാലത്തും പട്ടികജാതി വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ അധികാരം ഉണ്ടായിരുന്നെങ്കില്‍ അതില്ലാതാക്കിയ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഈ വിഷയവും ചേലക്കരയില്‍ ചര്‍ച്ചയാകും എന്നതില്‍ തര്‍ക്കമില്ല, പിന്നാക്ക പട്ടികജാതി വിഭാഗങ്ങളോട് ഏറ്റവും കൂടുതല്‍ അനീതിയും അവഗണനയും കാണിച്ച ഈ സര്‍ക്കാറിനുള്ള തിരിച്ചടി കൂടി ചേലക്കരയിലെ ജനങ്ങള്‍ നല്‍കും', എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ ഇതിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ജാതി രാഷ്ട്രീയവും സ്വത്ത് രാഷ്ട്രീയവും പറയുകയാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസിന് പട്ടികജാതി മന്ത്രി ഉണ്ടായിരുന്നോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചിരുന്നു.
'കുഴല്‍നാടന്‍ നിലയും വിലയുമില്ലാത്തവനാണ്. പട്ടികജാതി മന്ത്രിയില്ലെന്ന കുഴല്‍നാടന്റെ പ്രസ്താവന തരം താണതാണ്. കോണ്‍ഗ്രസ് മന്ത്രിസഭയിലും പട്ടികജാതി മന്ത്രി ഇല്ലാതിരുന്നിട്ടുണ്ട്. കുഴല്‍നാടന്‍ പറയുന്നത് ജാതി രാഷ്ട്രീയമാണ്. കുഴല്‍നാടന് നിലവാരമുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. തരംതാണ പ്രസ്താവനയിലൂടെ കുഴല്‍നാടന്‍ വിലയില്ലാത്തവനെന്ന് തെളിയിച്ചു', എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.
Content Highlights: Mathew Kuzhalnadan called CM Pinarayi Vijayan as Convincing Star