'വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല';കമൻ്റുകൾക്ക് മറുപടിയുമായി സൗമ്യ സരിൻ

'ഭര്‍ത്താവ് എംഎല്‍എയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ഒന്ന് ചിരിക്കാനുമൊക്കെ എന്ന് കരുതി കാത്തിരിക്കുന്നവരോട് പോരെ ഈ വീരവാദമൊക്കെ'

dot image

പാലക്കാട്: നെഗറ്റീവ് കമന്റുകള്‍ക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ പങ്കാളി ഡോ. സൗമ്യ സരിന്‍. നവംബര്‍ 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തന്റെ ചിരി ഇല്ലാതാക്കുമെന്നാണ് കമന്റുകളെന്ന് സൗമ്യ പറഞ്ഞു. തനിക്ക് ചിരിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്നും അതിന് ഭര്‍ത്താവ് എന്തെങ്കിലും പദവിയിലെത്തണമെന്ന് നിര്‍ബന്ധമില്ലെന്നും സൗമ്യ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ വിജയിക്കുമെന്നും അവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും സൗമ്യ പറഞ്ഞു. ആളും തരവും നോക്കി കമന്റിടണം. തന്നെ കരയിപ്പിക്കുമെന്നത് വല്ലാത്ത ആത്മവിശ്വാസമാണെന്നും സൗമ്യ പരിഹസിച്ചു.

സൗമ്യയുടെ വാക്കുകള്‍…

നവംബര്‍ 23ാം തീയതി എന്റെ ഈ ചിരി മാറ്റി കരച്ചില്‍ ആക്കുമെന്നും അങ്ങ് ഇല്ലാതാക്കി കളയുമെന്നുമൊക്കെ ചില മാന്യദേഹങ്ങള്‍ കമന്റ് ബോക്‌സില്‍ അറഞ്ചം പുറഞ്ചം എഴുതുന്നുണ്ട്. എന്താണിപ്പോ ഈ മാസം 23ന് ഇത്ര മാത്രം പ്രത്യേകത എന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങ് കലങ്ങിയില്ല. ഇപ്പോ നടക്കുന്ന ബൈ എലെക്ഷന്‍ വോട്ടെണ്ണല്‍ ആന്നാണെന്നറിയാം. അതിലിപ്പോ ഇത്ര കരയാന്‍ എന്തിരിക്കുന്നു!

ഓഹ്… അങ്ങനെ! എന്റെ ഭര്‍ത്താവ് സരിന്‍ തോല്‍ക്കുമെന്നും അപ്പൊ ഞാന്‍ തല തല്ലി കരയുമെന്നും നാട് വിട്ടു ഓടുമെന്നും ഒക്കെ ആയിരിക്കാം കവികള്‍ ഉദ്ദേശിച്ചത് അല്ലെ? ഇപ്പോ പിടി കിട്ടി! അപാര കോണ്‍ഫിഡന്‍സ് ആണല്ലോ! അതില്‍ സരിനെ തോല്‍പ്പിക്കുമെന്ന കോണ്‍ഫിഡന്‍സ് ഒരു മത്സരം ആകുമ്പോള്‍ എതിര്‍ഭാഗത്തിന് വേണ്ടത് തന്നെയാണ്. I appreciate it, keep it up!

ഒരു തിരഞ്ഞെടുപ്പാകുമ്പോ അതൊക്കെ ഇല്ലെങ്കില്‍ പിന്നെന്താ രസം! ഒരാള്‍ ജയിക്കണം, മറ്റുള്ളവര്‍ തോല്‍ക്കണം! അതാണല്ലോ അതിന്റെ ഒരിത്! ജനങ്ങള്‍ തിരഞ്ഞെടുന്നവര്‍ വിജയിക്കട്ടെ…ജയിക്കുന്നതാരായാലും അവര്‍ക്കുള്ള അഭിനന്ദനങള്‍ ഇപ്പോള്‍ തന്നെ പറഞ്ഞു വെക്കുന്നു.
പക്ഷെ എന്നേ കരയിപ്പിച്ചങ്ങു ഇല്ലാതാക്കും എന്ന കോണ്‍ഫിഡന്‍സ്! അതാണ് എനിക്കങ്ങു ബോധിച്ചത്! അതൊരു വല്ലാത്ത കോണ്‍ഫിഡന്‍സ് ആയിപോയി…

കുറച്ചെങ്കിലും ആളും തരവും ഒക്കെ നോക്കണ്ടേ ഇതൊക്കെ പറയുന്നതിന് മുമ്പ്! Grow up guys ??! ഭര്‍ത്താവ് എംഎല്‍എയോ മന്ത്രിയോ ഒക്കെ ആയിട്ട് വേണം എന്തെങ്കിലുമൊക്കെ ചെയ്യാനും ഒന്ന് ചിരിക്കാനുമൊക്കെ എന്ന് കരുതി കാത്തിരിക്കുന്നവരോട് പോരെ ഈ വീരവാദമൊക്കെ! പിന്നേ എന്റെ ഈ ചിരി! എനിക്ക് ചിരിക്കാന്‍ ഇതൊന്നുമല്ലാതെ തന്നെ നൂറു കാരണങ്ങള്‍ ഉണ്ട്. അതിന് എന്റെ ഭര്‍ത്താവ് എന്തെങ്കിലും പദവികളില്‍ എത്തണം എന്ന് ഒരു നിര്‍ബന്ധവും എനിക്കില്ല. അതുകൊണ്ട് ഈ ചിരി ഇവിടെ തന്നെ കാണും!

ഈ ചിരിയുടെ താക്കോല്‍ എന്റെ കയ്യില്‍ ആണ്. അത് ഞാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. എനിക്ക് തോന്നുമ്പോ ചിരിക്കും. തോന്നുമ്പോ കരയും!
ഇനി റോസിക്ക് ഞാന്‍ കരയണം എന്ന് അത്രക്ക് നിര്‍ബന്ധമാണെങ്കില്‍ റോസി അങ്ങോട്ട് മാറി നിന്നു രണ്ടു റൗണ്ട് അങ്ങ് കരഞ്ഞു തീര്‍ത്തോളൂ…

നമ്മളെ വിട്ടേക്ക്

എന്റെ പോസ്റ്റുകള്‍ക്ക് താഴെ വന്ന് ഈ വക 'മാസ്സ്' ഡയലോഗുകള്‍ എഴുതി ആത്മനിര്‍വൃതി അടയുന്നവരോടാണ്. ആ നേരം പോയി തൂമ്പ എടുത്തു പോയി നാല് കിള കിളക്കാന്‍ നോക്ക്. ഒരു മൂട് കപ്പയെങ്കിലും പറിക്കാം. വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒപ്പം വന്നിട്ട് ബാപ്പ പള്ളീ പോയിട്ടില്ല!
എന്നിട്ടാണ്…

Content Highlights: Soumya Sarin s facebook post against Negative Comments

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us