ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഓരോ ഇപി വിവാദം; അന്ന് ജാവദേക്കർ, ഇന്ന് ആത്മകഥ

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇ പി ജയരാജനെ സംബന്ധിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ പുറത്തുവരുന്നത് പതിവായിരിക്കുകയാണ്

dot image

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇ പി ജയരാജനെ സംബന്ധിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ പുറത്തുവരുന്നത് പതിവായിരിക്കുകയാണ്. ഏറെ നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോളാണ് സിപിഐഎമ്മിനെ പിടിച്ചുകുലുക്കിയ ഇ പി- ജാവദേക്കർ കൂടിക്കാഴ്ച ഉണ്ടായതെങ്കിൽ, ഇന്നിതാ ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആത്മകഥയിലെ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു.

ബിജെപിയുടെ കേരള പ്രഭാരിയായ പ്രകാശ് ജാവദേക്കർ ഇ പി ജയരാജനെ സന്ദർശിച്ചതാണ് അന്ന് വിവാദത്തിന് തിരികൊളുത്തിയത്. അന്ന് ഇ പി എൽഡിഎഫിന്റെ കൺവീനർ കൂടിയായിരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു മുന്നണിയുടെ പ്രശസ്തനായ നേതാവ്, ഒരു ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയത് സിപിഐഎമ്മിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നീട് തന്നെ കാണാൻ, തന്റെ മകന്റെ ഫ്ലാറ്റിൽ ജാവദേക്കർ വന്നിരുന്നുവെന്ന് ഇ പി തുറന്നുസമ്മതിച്ചതോടെ ബിജെപി-സിപിഐഎം ഡീൽ എന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി.

ബിജെപിയുടെ കേരള പ്രഭാരിയായ പ്രകാശ് ജാവദേക്കർ
പ്രകാശ് ജാവദേക്കർ

താൻ ഫ്ലാറ്റിൽ ഉള്ളപ്പോൾ മുന്നേ അറിയിക്കാതെയാണ് ജാവദേക്കർ കയറി വന്നതെന്നും രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നും ഇ പി വിശദീകരിച്ചെങ്കിലും പാർട്ടി നേതൃത്വം ചെവികൊണ്ടില്ല. വോട്ട് ചെയ്ത് ഇറങ്ങിവരുന്ന നേരത്തായിരുന്നു ഇപിയുടെ ഈ തുറന്നുപറച്ചിൽ എന്നതും പാർട്ടിയെ കൂടുതൽ വെട്ടിലാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ സിപിഐഎമ്മിന് ഏറെ കളങ്കമായ ഈ വിവാദത്തിന്റെ ഏറ്റവും അവസാനം, ഇപിയുടെ കൺവീനർ സ്ഥാനം തെറിച്ചു. അതിലുളള അതൃപ്തി കൂടി ഇ പി തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. തന്നെ കേൾക്കാതെയായിരുന്നു ആ നടപടിയെന്നും, കേന്ദ്രകമ്മിറ്റി അംഗമായിരുന്ന തനിക്ക് നേരെ കേന്ദ്രകമ്മിറ്റിയാണ് നടപടിയെടുക്കേണ്ടിയിരുന്നതെന്നും ഇ പി ആത്മകഥയിലുണ്ട്.

Also Read:

അന്ന് ലോക്സഭയെങ്കിൽ ഇന്ന് ഏറെ നിർണായകമായ വയനാട്, ചേലക്കര ഉപതിരഞ്ഞടുപ്പുകൾ. സംസ്ഥാന സർക്കാരിന് നേരെ കടുത്ത ഭരണവിരുദ്ധ വികാരം നിലനിൽക്കെ നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പിനായി അരയും തലയും മുറുക്കിയാണ് സിപിഐഎം രംഗത്തിറങ്ങിയത്. എന്നാൽ അതിന്റെയെല്ലാം ശോഭ കെടുത്തുന്നതായി, വോട്ടിങ് ദിനത്തിൽ ഉണ്ടായ ആത്മകഥാ വിവാദം. ജനങ്ങൾ വോട്ട് ചെയ്യാനായി വരി നിൽക്കുമ്പോളാണ് ഒന്നാം പിണറായി സർക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സർക്കാരിനില്ല എന്നും, താരതമ്യേന ദുർബലമാണെന്നുമുള്ള ജയരാജന്റെ വിവാദ അഭിപ്രായം പുറത്തുവരുന്നത്. ജനക്ഷേമപ്രവർത്തനങ്ങൾ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും ഇ പി തുറന്നടിച്ചിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാർട്ടിയെ കൂടുതൽ വെട്ടിലാക്കി പി സരിനെതിരെയും ജയരാജൻ രംഗത്തെത്തുന്നുണ്ട്. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും സരിനെ സ്ഥാനാർഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും ഇ പി പറയുന്നുണ്ട്. പാർട്ടിക്ക് നേരെയുളള ചൂണ്ടുമുനകൾ തന്നെയാണ് ഇവയെല്ലാം എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ ഒരേസ്വരത്തിൽ അഭിപ്രായപ്പെടുന്നത്.

'കട്ടൻചായയും പരിപ്പുവടയും' എന്ന പുസ്തകത്തിന്റെ കവർ
'കട്ടൻചായയും പരിപ്പുവടയും'

കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിന് ശേഷം പാർട്ടിയുമായി ഇപി ജയരാജൻ അത്ര സ്വരച്ചേർച്ചയിലായിരുന്നില്ല എന്നത് പരസ്യമായ രഹസ്യമായിരുന്നു. അതിനാൽ തന്നെയായിരുന്നു ഇ പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടുകണ്ട് പ്രവർത്തനങ്ങളിൽ സജീവമാകാൻ അഭ്യർത്ഥിച്ചത്. എന്നാൽ ഇപ്പോളിതാ വീണ്ടും പാർട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി മറ്റൊരു വിവാദക്കൊടുങ്കാറ്റിന്റെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്.

'കട്ടൻചായയും പരിപ്പുവടയും' പുസ്തകത്തിലെ ഉള്ളടക്കം

ഇ പി ജയരാജന്റെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിൽ പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് ഉള്ളത്.

രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്ന വാദമാണ് ഇ പി ജയരാജൻ പുസ്തകത്തിൽ ഉയർത്തിയിട്ടുള്ളത്. ജനക്ഷേമപ്രവർത്തനങ്ങൾ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സർക്കാരിനില്ല എന്ന് മാത്രമല്ല, താരതമ്യേന ദുർബലമാണെന്ന വാദവും ജയരാജൻ പുസ്തകത്തിൽ ഉയർത്തി. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകൾ വേണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം പാളിയോ എന്ന് സംശയമുണ്ടെന്നും ഇ പി ജയരാജൻ പറയുന്നു.

ഇത് കൂടാതെ പി സരിനെതിരെയും ജയരാജൻ രംഗത്തെത്തി. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു. സരിനെ സ്ഥാനാർഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും ഇ പി പറയുന്നുണ്ട്. അൻവറിന്റെ പിന്നിൽ തീവ്രവാദ ശക്തികളാണെന്നും ഇ പി എഴുതുന്നുണ്ട്.

വിവാദ ദല്ലാൾ വിഷയത്തിലും ഇ പി തുറന്നെഴുതിയിരിക്കുന്നു. ശോഭാ സുരേന്ദ്രനെ കണ്ടത് ഒരു പ്രാവശ്യം മാത്രമാണെന്നും എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പാർട്ടി തന്നെ കേൾക്കാതെയാണെന്നും ഇപി എഴുതുന്നു. താൻ ഇല്ലാത്ത സെക്രട്ടേറിയേറ്റിലാണ് തന്നെ നീക്കുന്ന കാര്യം ചർച്ച ചെയ്യുന്നത്. പാർട്ടി മനസിലാക്കിയില്ല എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ പ്രയാസം. കേന്ദ്രകമ്മിറ്റിയാണ് തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് എന്നിരിക്കെ, പാർട്ടി സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം അണികൾക്കിടയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ഇപി തുറന്നെഴുതുന്നു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വലിയ രീതിയിൽ ചർച്ചയാക്കിയത്, അതും ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാകെ തന്നെ ചർച്ചയാക്കിയതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് എന്നും ഇപി എഴുതുന്നു.

ദേശാഭിമാനി പത്രം സാന്റിയാഗോ മാർട്ടിനിൽ നിന്ന് പരസ്യവും ബോണ്ടും വാങ്ങിയത് പാർട്ടിയെ അറിയിച്ച ശേഷമായിരുന്നുവെന്നും ഇ പി എഴുതുന്നുണ്ട്. എന്നാൽ വി എസ് തനിക്കെതിരെ ഇത് ആയുധമാകുകയാണുണ്ടായത്. വിഭാഗീയതയുടെ കാലത്ത് വലിയ രീതിയിൽ പലരും തനിക്കെതിരെ ഈ വിഷയം എടുത്തിട്ടു. തന്നെ താറടിച്ചുകാണിക്കാൻ ശ്രമിച്ചുവെന്നും ഇ പി എഴുതുന്നു.

ഏറെ വിവാദമായ വൈദേകം റിസോർട്ടിനെക്കുറിച്ചും ഇ പി എഴുതിയിട്ടുണ്ട്. നേതാക്കൾക്ക് താമസിക്കാനാണ് ഈ കെട്ടിടം ഒരുക്കിയതെന്നാണ് ഇപിയുടെ വാദം. റിസോർട്ട് എന്ന് പേര് നൽകിയത് മാധ്യമങ്ങളാണ്. മകന്റെയും ഭാര്യയുടെയും പണമാണ് നിക്ഷേപിച്ചതെന്നും അവ കള്ളപ്പണമാണെന്ന് പിന്നീട് പറഞ്ഞുപരത്തപ്പെട്ടുവെന്നും ഇ പി പറയുന്നു. എന്നാല്‍ വാർത്തകള്‍ നിഷേധിച്ച് ഇ പി രംഗത്തെത്തി. താന്‍ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്ന് ഇ പി പ്രതികരിച്ചു.

Content Highlights: EP Controversies at the time of elections

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us