കല്‍പറ്റ/ചേലക്കര: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും ചേലക്കരയിലും പോളിങ് സമയം ഔദ്യോഗികമായി അവസാനിച്ചു. മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറവാണ്. വയനാട്ടില്‍ ഇതുവരെ 64.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 73.57 ശതമാനമായിരുന്നു. ചേലക്കരയില്‍ ഇതുവരെ രേഖപ്പെടുത്തിയത് 72.29 ശതമാനം വോട്ടാണ്. മുന്‍ തിരഞ്ഞെടുപ്പില്‍ ഇത് 77.40 ശതമാനമായിരുന്നു. ചേലക്കരയിൽ വോട്ടിങ് സമയം കഴിഞ്ഞും ആളുകൾ വോട്ടുചെയ്യാൻ ക്യൂവിൽ തുടരുന്നതിനാൽ പോളിങ് ശതമാനം ഇനിയും ഉയർന്നേക്കാം.
വയനാട്ടിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ കുറവ് വന്നിട്ടുണ്ട്. വയനാട് മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ മാനന്തവാടിയില്‍ 62.61 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. സുല്‍ത്താന്‍ ബത്തേരി-61.48, കല്‍പറ്റ-64.24, തിരുവമ്പാടി-65.46, ഏറനാട്-68.12, നിലമ്പൂര്‍-60.98, വണ്ടൂര്‍-63.38 ശതമാനം പോളിങും രേഖപ്പെടുത്തി. ഉരുള്‍പ്പൊട്ടലുണ്ടായ മേപ്പാടിയില്‍ ആകെ പോള്‍ ചെയ്തത് 720 വോട്ടുകള്‍ മാത്രമാണ്. മേപ്പാടിയില്‍ 1168 പേര്‍ക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. ഇവരില്‍ 112 പേർ ഉരുള്‍പൊട്ടലില്‍ മരിച്ചവരോ കാണാതായവരോ ആണ്.
അതിനിടെ പോളിങ് സമയം അവസാനിച്ചിട്ടും ചേലക്കരയില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ ഇപ്പോഴും പ്രകടമാണ്. ആറ് മണി വരെ പോളിങ് ബൂത്തില്‍ എത്തിയവര്‍ക്ക് ടോക്കല്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് വോട്ട് ചെയ്യാം.
Content Highlights- official time of polling in wayanad and chelakkara end