പാലക്കാട്: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പി സരിന്‍. ഇ പി ജയരാജന്‍ തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇ പി ജയരാജന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെങ്കില്‍ വിഷയം ചര്‍ച്ചയാകണമെന്നും പി സരിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
'സഖാവ് ഇ പി ജയരാജന്‍ വാര്‍ത്തകള്‍ നിഷേധിച്ചു. ഞാനൊരു പച്ചയായ മനുഷ്യനാണെന്ന് വിലയിരുത്തപ്പെടേണ്ട ഒരു തിരഞ്ഞെടുപ്പായി ഇത് മാറുമെന്ന പ്രതീക്ഷയിലാണ്. പുസ്തകം പുറത്ത് വന്നാലല്ലേ അതിലെ കാര്യങ്ങള്‍ അറിയൂ. അതുകൊണ്ട് തന്നെ പുസ്തകം വാങ്ങി വായിക്കുമ്പോള്‍ അങ്ങനൊരു പരാമര്‍ശമുണ്ടെങ്കില്‍ ഞാന്‍ പ്രതികരിച്ചാല്‍ പോരെ', സരിന്‍ പറഞ്ഞു.
ഇ പി ജയരാജന്‍ പച്ചയായ മനുഷ്യനാണെന്നും പച്ചയായ മണ്ണിന്റെ സഖാവാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. തുറന്ന പുസ്തകം പോലെ ജീവിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. കളങ്കമില്ല, കാപട്യമല്ല. ഇ പി ജയരാജന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ശക്തിയാണെന്നും പി സരിന്‍ വ്യക്തമാക്കി.
'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടത്. പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് പുസ്തകത്തിലുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പിഡിഎഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു. അന്‍വറിന്റെ പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും ഇ പി പറയുന്നുണ്ട്.
എന്നാല്‍ ഇക്കാര്യങ്ങള്‍ ഇ പി ജയരാജന്‍ നിഷേധിച്ചിട്ടുണ്ട്. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സരിനെക്കുറിച്ചോ പുറത്ത് വന്ന മറ്റ് കാര്യങ്ങളെക്കുറിച്ചോ എഴുതിയിട്ടില്ലെന്നും എഴുതാന്‍ ഉദ്ദേശിച്ചില്ലെന്നും ഇ പി പറയുന്നു.
'തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ എഴുതുമെന്നും ഞാന്‍ പറഞ്ഞു. മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്, ആര്‍ക്ക് നല്‍കുമെന്ന് ഞാന്‍ ആലോചിക്കാമെന്ന് പറഞ്ഞതാണ്. കവര്‍ ചിത്രവും തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത്', ഇ പി ജയരാജന്‍ പറഞ്ഞു.
Content Highlights: P Sarin reaction on E P Jayarajan s autobiography row