സരിന്റെ വോട്ട് വ്യാജമെന്ന് സതീശൻ, സതീശന് സമനില തെറ്റിയെന്ന് സരിൻ; 'വ്യാജവോട്ടിൽ' വാക്‌പോര്

പ്രതിപക്ഷ നേതാവിന് സമനില നഷ്ടപ്പെട്ടതായും, അദ്ദേഹം വ്യാജനാണെന്ന് രാഹുൽഗാന്ധിക്ക് വരെ ബോധ്യപ്പെട്ടെന്നും സരിൻ കുറ്റപ്പെടുത്തി

dot image

പാലക്കാട്: റിപ്പോർട്ടർ പുറത്തുകൊണ്ടുവന്ന വോട്ടർപട്ടിക ക്രമക്കേട് വിഷയത്തിൽ വാക്പോരിലേർപെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഇടത് സ്ഥാനാർഥിയായ പി സരിനും. വ്യാജവോട്ടുകളിൽ സരിന്റേതുമുണ്ടെന്ന വി ഡി സതീശന്റെ പരാമർശത്തിന്, അദ്ദേഹത്തെ വെല്ലുവിളിച്ചുകൊണ്ടും സമനില തെറ്റിയെന്നും മറുപടി നൽകുകയായിരുന്നു സരിൻ.

എൽഡിഎഫ് സ്ഥാനാർഥി സരിന്റെ വോട്ടും വ്യാജമാണെന്നും സരിന്റെയും ഭാര്യയുടെയും വോട്ടുകൾ ചേർത്തത് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് എന്നുമായിരുന്നു വി ഡി സതീശന്റെ ആരോപണം. അഡീഷണൽ ലിസ്റ്റിൽ ഏറ്റവും അവസാനം വോട്ട് ചേർത്തത് ഇവരുടേതാണ്. തിരുവില്വാമല സ്വദേശിയായ സരിന് മത്സരിക്കാൻ വേണ്ടി ഒറ്റപ്പാലത്തും പിന്നീട് പാലക്കാടും വോട്ട് ചേർത്തു. പട്ടികയിലെ ക്രമക്കേടിന് ഉത്തരവാദികൾ ബിഎൽഒ-മാരാണെന്നും സർക്കാരും റവന്യൂ വകുപ്പും കൂടിയാണ് ഉത്തരവാദികളെന്നും സതീശൻ കുറ്റപ്പെടുത്തി.

വി ഡി സതീശന്റെ ആരോപണത്തിന് സരിനും മറുപടി നൽകി. പ്രതിപക്ഷ നേതാവിന് സമനില നഷ്ടപ്പെട്ടതായും, അദ്ദേഹം വ്യാജനാണെന്ന് രാഹുൽഗാന്ധിക്ക് വരെ ബോധ്യപ്പെട്ടെന്നും സരിൻ കുറ്റപ്പെടുത്തി. രേഖകൾ മുൻനിർത്തിയാണ് താൻ വോട്ട് ചേർത്തത്. വോട്ട് ചേർക്കാൻ പ്രതിപക്ഷ നേതാവിന്റെ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് തനിക്ക് അറിയില്ല. പ്രതിപക്ഷ നേതാവ് ആരോപണം ആവർത്തിച്ചാൽ പരാതി നൽകുമെന്നും വായിൽ തോന്നിയത് വിളിച്ചു പറയുന്ന സ്ഥാനത്തിന്റെ പേരല്ല പ്രതിപക്ഷ നേതാവെന്നും സരിൻ വിമർശിച്ചു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നുവെന്നും റിപ്പോർട്ടർ കണ്ടെത്തിയിരുന്നു. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലല്ലെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന റിപ്പോട്ടർ ചാനലിലെ മാധ്യമപ്രവർത്തകരായ സാനിയോ മനോമി, ആർ റോഷിപാൽ, അഷ്ക്കർ അലി കരിമ്പ, അൽ അമീൻ, ദീപക് മലയമ്മ, ഇഖ്ബാൽ അറക്കൽ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

Content Highlights: Fight between VD Satheesan and P Sarin over fake vote issue

dot image
To advertise here,contact us
dot image