വീട്ടുനമ്പറും വീട്ടുപേരുമില്ല,ഐഡികളും വ്യത്യസ്തം,മേൽവിലാസം വ്യാജം; പാലക്കാട് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്

പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലല്ല

dot image

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നുവെന്ന് കണ്ടെത്തല്‍. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലല്ലെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന റിപ്പോട്ടർ ചാനലിലെ മാധ്യമപ്രവർത്തകരായ സാനിയോ മനോമി, ആർ റോഷിപാൽ, അഷ്ക്കർ അലി കരിമ്പ, അൽ അമീൻ, ദീപക് മലയമ്മ, ഇഖ്ബാൽ അറക്കൽ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

രണ്ടിടത്ത് വോട്ട്

മലമ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പാലക്കാടും വോട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് വീട്ടുനമ്പറും വീട്ടുപേരുമില്ല. മേല്‍വിലാസവും വ്യാജമാണ്. ഇലക്ഷന്‍ ഐഡികളും വ്യത്യസ്തമാണ്. അവസാന ദിവസങ്ങളിലാണ് വ്യാജ വോട്ടുകള്‍ ചേര്‍ത്തതെന്നാണ് കണ്ടെത്തിയത്.

ഉദാഹരണമായി ഉപ്പും പാടം സജിന്റെ ഭാര്യ അഞ്ജലിയുടെ വീട് മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ് പഞ്ചായത്തിലാണ്. എന്നാൽ ഇവർക്ക് ഈ ഉപതിരഞ്ഞെടുപ്പിൽ വോട്ടുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. വോട്ടുണ്ട് എന്നതിൻ്റെ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു.

മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ് പഞ്ചായത്തിലാണ് കല്പംപൊറ്റ രാധാകൃഷ്ണനും ഭാര്യ ജയശ്രീയും താമസിക്കുന്നത്. പക്ഷേ ഇരുവർക്കും പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ വോട്ടുണ്ട്. ഇത് എങ്ങനെ വന്നുവെന്ന് അന്വേഷിക്കാൻ റിപ്പോർട്ടർ സംഘം വീട്ടിലെത്തിയപ്പോൾ കൊടുമ്പിൽ തന്നെയാണ് സ്ഥിര താമസം എന്നായിരുന്നു വീട്ടുകാരുടെ മറുപടി. എന്നാൽ ഇവർക്ക് പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പേര് ചേർത്തതിന്റെ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു.

ഉപതിരഞ്ഞെടുപ്പിനിടെ പാലക്കാട് മണ്ഡലത്തിലേക്ക് അനധികൃതമായി വോട്ട് മാറ്റിയ തിരുവാലത്തൂർ സ്വദേശി രമേശും കുടുംബവും വർഷങ്ങളായി താമസിക്കുന്നത് മലമ്പുഴ മണ്ഡലത്തിലെ ആന്തൂർക്കാവ് പ്രദേശത്ത്. മലമ്പുഴ മണ്ഡലത്തിലെ സ്ഥിരം വോട്ടറാണ് രമേശെന്ന് ബന്ധുക്കളും വ്യക്തമാക്കി. ആന്തൂർക്കാവ് സ്വദേശിയായ രമേശ് തിരുവാലത്തൂരിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താറുള്ള വ്യക്തിയാണെന്നും, എങ്ങനെ പാലക്കാട്ടേക്ക് വോട്ട് മാറി എന്നത് അറിയില്ലെന്നും, പ്രദേശത്ത് നിരവധിപേർ സമാന രീതിയിൽ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും രമേശിന്റെ ബന്ധുക്കൾ റിപ്പോർട്ടറിനോട് പറഞ്ഞു.

മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ് പഞ്ചായത്തിലെ താമസക്കാരനായ ഉല്ലാസിന് പാലക്കാടും വോട്ട് ചെയ്യാം. പാലക്കാട്ടത്തെ പുതുക്കിയ വോട്ടർ പട്ടികയിലാണ് മലമ്പുഴയിലെ മേൽവിലാസത്തിൽ ഉല്ലാസിന് വോട്ടർ ഐഡി അനുവദിച്ചു നൽകിയിരിക്കുന്നത്. എന്നാൽ തനിക്ക് ഇതുവരെ ഐഡി കാർഡ് ലഭിച്ചിട്ടില്ലെന്നാണ് ഉല്ലാസ് പറയുന്നത്. ഡൽഹിയിലും ബാംഗ്ലൂരും സ്ഥിരതാമസക്കാരനായ തനിക്ക് ഡൽഹിയിലാണ് വോട്ടെന്നും ഉല്ലാസ് പറയുന്നു. വർഷങ്ങൾക്കു മുമ്പ് വോട്ടർ പട്ടികയ്ക്ക് അപേക്ഷ നൽകിയെങ്കിലും ഐഡി കാർഡ് തനിക്ക് ലഭിച്ചില്ലെന്നും അതിനെക്കുറിച്ച് പിന്നീട് അന്വേഷിച്ചില്ലെന്നും ഉല്ലാസ് പറഞ്ഞു.

മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ് പഞ്ചായത്തിലെ താമസക്കാരായ വിജില ചന്ദ്രനും ഭർത്താവ് ശിവകുമാറിനും പാലക്കാട് മണ്ഡലത്തിൽ വോട്ട്. വോട്ടർ ഐഡി കിട്ടിയത് ഈ അടുത്ത കാലത്താണെന്നും മലമ്പുഴയിലെ വോട്ടർ പട്ടികയിൽ ചേർത്ത ഐഡി കാർഡ് നമ്പറും പാലക്കാട് പട്ടികയിലെ നമ്പറും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നും വിജില. മലമ്പുഴയിൽ വോട്ട് ചേർത്തെങ്കിലും വോട്ട് ചെയ്തിട്ടില്ലെന്നും വിശദീകരണം.

Content Highlights: Reporter Election Breaking there is manipulation in Palakkad voters list

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us