തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഐഎം നടത്തുന്നത്. ദേശീയ ദുരന്തം എന്താണെന്ന് ആദ്യം സിപിഐഎം മനസിലാക്കണം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക പ്രൊവിഷൻ ഇല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ 2013ൽ ലോക സഭയിൽ അറിയിച്ചതാണ്. അന്നത്തെ കേന്ദ്രസർക്കാറിന്റെ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് പ്രത്യേക പാക്കേജ് അർഹിക്കുന്നുണ്ട്. അതിനുവേണ്ടി പ്രത്യേക പദ്ധതി സംസ്ഥാന സർക്കാർ ഇതുവരെ കൊടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന് 290 കോടി കിട്ടിയ കാര്യം കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചതാണ്. അതുപോലെ സമാനമായ സഹായങ്ങളാണ് മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രം കൊടുത്തത്. ബിഹാറിലും ആന്ധ്രയിലും പ്രത്യേക പാക്കേജ് അനുവദിച്ചത് അവർ പ്രത്യേക പദ്ധതി സമർപ്പിച്ചത് കൊണ്ടാണ്.
അതുപോലെ പദ്ധതി കൊടുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്. ഊഹക്കണക്കിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് പണം നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ഇന്ത്യയിൽ നിന്നും വേർതിരിക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നുണ്ട്. തങ്ങളെ ആ കൂട്ടത്തിൽ കൂട്ടരുതെന്നും കേരളം കേന്ദ്രത്തിന്റെ ഭാഗമാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
Content Highlight: V Muraleedaran backs Center;s statement on mundakkai-chooralmala landslide; slams CPIM