ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം; കൂകി വിളിയും വാക്കേറ്റവും, ലാത്തി വീശി പൊലീസ്

നിലവിലെ ഭരണസമിതിയില്‍ നിന്ന് ബാങ്ക് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഒരു പാനലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്

dot image

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ സംഘര്‍ഷം. വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസും പിന്നാലെ സിപിഐഎമ്മും രംഗത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് കൂട്ടരും രണ്ട് ഭാഗത്തായി തടിച്ചുകൂടി. ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി.

പരസ്പരം കൂകി വിളിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. നിലവില്‍ പൊലീസിന്റെ സംരക്ഷണത്തിലാണ് മെമ്പര്‍മാര്‍ വോട്ട് ചെയ്യിക്കുന്നത്. വോട്ട് ചെയ്യാനെത്തിയ വാഹനങ്ങള്‍ക്ക് നേരെയും കല്ലറുണ്ടായി. പുലര്‍ച്ചെ ആറ് മുതല്‍ വോട്ടെടുപ്പിന് വേണ്ടി ആളുകള്‍ ബാങ്കിലെത്തിയിരുന്നു.

നിലവിലെ ഭരണസമിതിയില്‍ നിന്ന് ബാങ്ക് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഒരു പാനലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇക്കാലമത്രയും കോണ്‍ഗ്രസ് ഭരിച്ച ബാങ്കായിരുന്നു ചേവായൂര്‍ ബാങ്ക്. ഈ ഔദ്യോഗിക പാനലുമായി ഡിസിസി നേതൃത്വം പിണങ്ങി പോകുകയും ഔദ്യോഗിക പാനലിനെതിരെ കോണ്‍ഗ്രസ് മറ്റൊരു പാനലിനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതരുടെ പാനലിനെ പിന്തുണച്ച് സിപിഐഎമ്മും രംഗത്തെത്തി.

ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിക്കുന്നത്. 35,000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്.

Content Highlights: Conflict in Chevayur Bank Election

dot image
To advertise here,contact us
dot image