'മണ്ണിൽ കുഴികുത്തി ഷീറ്റിട്ട് മൂടി'; അതിവിദഗ്ധമായി ഒളിച്ച കുറുവാ സംഘാംഗത്തെ പൊലീസ് ആദ്യം പൂട്ടിയത് സാഹസികമായി

പൊലീസിന് അത്രവേഗം എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമായിരുന്നില്ല ഇത്

dot image

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവാ സംഘാംഗം തമിഴ്‌നാട് സ്വദേശി സന്തോഷ് സെല്‍വത്തെ ആദ്യം പൊലീസ് പിടിച്ചത് അതിസാഹസികമായി. അതിന് ശേഷമാണ് ആക്രമിച്ച് കടന്നു കളഞ്ഞത്. അതിവിദഗ്ധമായാണ് സന്തോഷ് സെല്‍വം തനിക്കുള്ള താമസസ്ഥലം കണ്ടെത്തിയിരുന്നത്. കുണ്ടന്നൂര്‍ പാലത്തിന് സമീപം കാടുപിടിച്ച പ്രദേശത്ത് ആളൊഴിഞ്ഞ ഷെഡ്ഡില്‍ നിലത്ത് കുഴികുത്തിയാണ് ഇയാള്‍ ഒളിച്ചിരുന്നത്. പൊലീസിന് അത്രവേഗം എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമായിരുന്നില്ല ഇത്. കാല് സൂക്ഷിച്ച് വെച്ചില്ലെങ്കില്‍ താഴ്ന്നുപോകാം. അതിന് പുറമേ കുപ്പിച്ചില്ലുകള്‍ അടക്കമുള്ള മാലിന്യങ്ങളും. കുഴികുത്തിയിരുന്ന ശേഷം സന്തോഷ് സെല്‍വം ഒരു ഷീറ്റിട്ട് മൂടുക കൂടി ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പൊലീസ് ഇയാളെ വലയിലാക്കി. പിന്നീടാണ് കസ്റ്റഡിയില്‍ നിന്ന് ഇയാള്‍ ചാടിപോയത്.

ഇന്ന് വൈകിട്ടോടെയാണ് കുണ്ടന്നൂര്‍ ഭാഗത്ത് നിന്ന് മണ്ണഞ്ചേരി പൊലീസ് സന്തോഷ് സെല്‍വത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാന്‍ കൊണ്ടുംപോകും വഴി ഇയാള്‍ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോകുകയായിരുന്നു. പൂര്‍ണനഗ്നനായി, കൈയില്‍ വിലങ്ങോടെയായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചു. പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ സന്തോഷ് സെല്‍വം കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ ഒളിക്കുകയായിരുന്നു. ഇരുട്ട് മൂടിയതും ചതുപ്പിലേക്ക് ഇറങ്ങിയുള്ള പരിശോധനയും പൊലീസിന് വെല്ലുവിളിയായി. പൊലീസിന്റെ ദൗത്യം നാല് മണിക്കൂറോളം നീണ്ടു.

ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറുവാ സംഘം ഭീതിപരത്തിയിരുന്നു. പകല്‍സമയങ്ങളില്‍ പ്രദേശത്ത് കറങ്ങി നടക്കുകയും രാത്രിയാകുമ്പോള്‍ മോഷണത്തിനിറങ്ങുന്നതുമാണ് ഇവരുടെ രീതി. ശരീരമാസകലം കരിപുരട്ടി മുഖം മറച്ചാണ് സംഘം എത്തിയിരുന്നത്. പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും അരപ്പവനോളം വരുന്ന മാല കുറുവാ സംഘം മോഷ്ടിച്ചിരുന്നു.

Content Highlights- how police captured kuruva team member in kundannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us