സ്നേഹത്തിൻ്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെ';സന്ദീപ് വാര്യരെ പരിഹസിച്ച് കെ സുരേന്ദ്രൻ

കോൺഗ്രസിൻ്റെ പരാജയത്തിൻ്റെ ആഴം എത്രമാത്രമുണ്ട് എന്നതിൻ്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും സുരേന്ദ്രൻ പരിഹസിച്ചു

dot image

പാലക്കാട്: സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്ന നടപടിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോൺഗ്രസിൽ പോയി എന്നും 'മൊഹബത് കാ ദൂക്കാനിൽ' വലിയ കസേരകൾ കിട്ടട്ടെ എന്നും സുരേന്ദ്രൻ പരിഹസിച്ചു.

കോൺഗ്രസിൻ്റെ പരാജയത്തിൻ്റെ ആഴം എത്രമാത്രമുണ്ട് എന്നതിൻ്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും സുരേന്ദ്രൻ പരിഹസിച്ചു. വി ഡി സതീശൻ ശ്രീനിവാസൻ കൊലപാതകികളുമായി കൂടിക്കാഴ്ച നടത്തിയ ദിനം തന്നെയാണ് ഈ തീരുമാനം സന്ദീപ് എടുത്തത്. ഈ പോക്ക് കേരളത്തിലോ ബിജെപിക്ക് അകത്തോ ഒരു ചലനവും ഉണ്ടാക്കില്ല. സന്ദീപിനെതിരെ പാർട്ടി നേരത്തെയും നടപടിയെടുത്തത് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ആയിരുന്നില്ല. അന്ന് അക്കാര്യം പുറത്തു പറയാതിരുന്നത് രാഷ്ട്രീയപാർട്ടി സ്വീകരിക്കേണ്ട സാമാന്യ മര്യാദയുടെ പുറത്താണ്. സന്ദീപിനെ പോലെ ഒരാളെ കോൺഗ്രസ് മുറുകെ പിടിക്കണമെന്നും സ്നേഹത്തിന്റെ കടയിൽ വലിയ കസേരകൾ ലഭിക്കട്ടെയെന്നും സുരേന്ദ്രൻ പരിഹസിച്ചു.

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ അൽപനേരം മുൻപാണ് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ദീപാദാസ് മുൻഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ സ്വീകരിക്കാൻ വേദിയിൽ അണിനിരന്നത്. വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തിൽ നിന്നും സാഹോദര്യത്തിൻ്റെ രാഷ്ട്രീയത്തിലേക്കെത്തിയ സന്ദീപ് വാര്യർക്ക് സ്വാഗതമെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് കെ സുധാകരൻ പ്രതികരിച്ചു.

കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരണം ലഭിച്ച വേദിയിൽ ബിജെപിയെ രൂക്ഷമായി വിമർശിക്കുകയും സന്ദീപ് ചെയ്തു. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായാണ് പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു.

വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയിൽ നിന്ന് സ്നേഹം താൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.

Content Highlights: K Surendran teases sandeep varier on congress entry

dot image
To advertise here,contact us
dot image