പാലക്കാട്: ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് മന്ത്രി എം ബി രാജേഷ്. വര്‍ഗീയതയുടെ കാളീയനെ കഴുത്തില്‍ അണിഞ്ഞ് അലങ്കാരമായി കൊണ്ടു നടക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ പറ്റുള്ളൂവെന്ന് മന്ത്രി പറഞ്ഞു. തങ്ങളെ സംബന്ധിച്ച് സന്ദീപ് വാര്യരെ പോലൊരാളെ എടുക്കുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'മൂവായിരം നാലായിരമെണ്ണത്തിനെ കഴുത്തില്‍ ടയറിട്ട് തീ കൊളുത്തി ചുട്ടു കൊന്നാല്‍ ഒതുങ്ങിക്കോളും എന്നതു പോലുള്ള നൂറു കണക്കിന് വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ ഒരാളെ കോണ്‍ഗ്രസ് തലയില്‍ കൊണ്ടുനടക്കട്ടേ, ഞങ്ങള്‍ക്ക് അതില്‍ യാതൊരു തരത്തിലുമുള്ള പരിഭവവുമില്ല. ഞങ്ങളെ സംബന്ധിച്ച് അത്തരമൊരാളെ എടുക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇടതുപക്ഷത്തെ സംബന്ധിച്ച് വര്‍ഗീയതയുടെ കാര്യത്തില്‍ അണുവിട വിട്ടുവീഴ്ചയുടെ പ്രശ്‌നമേ ഉദിക്കുന്നില്ല. കോണ്‍ഗ്രസ് കൊണ്ടുനടക്കണം. പച്ചക്കൊടി കണ്ട് പ്രസംഗിക്കാതെ തിരിച്ചു പോയ യുഡിഎഫ് വയനാട് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ പാര്‍ട്ടിക്ക് പള്ളി പൊളിച്ചയിടത്ത് വെള്ളി ഇഷ്ടിക സംഭാവന ചെയ്ത പാര്‍ട്ടിക്ക് നല്ലയൊരു അസറ്റായിരിക്കും ഇദ്ദേഹമെന്നാണ് പറയാനുള്ളത്', എം ബി രാജേഷ് പറഞ്ഞു.
ബാലേട്ടന്‍ പൊതുവേ ആരെക്കുറിച്ചും മോശം വാക്കുകള്‍ പറയില്ലെന്ന് മുന്‍ മന്ത്രി എ കെ ബാലന്റെ പ്രസ്താവനയെ മുന്‍നിര്‍ത്തി അദ്ദേഹം പ്രതികരിച്ചു. ക്രിസ്റ്റല്‍ ക്ലിയര്‍ സഖാവായി എന്നല്ല പറഞ്ഞത്, ആകുമെന്നാണ് എ കെ ബാലന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നം മാത്രമാണ് സന്ദീപ് വാര്യര്‍ ആവര്‍ത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയുടെ കാര്യത്തില്‍ അദ്ദേഹം ആ നിലപാട് തള്ളിപ്പറയാതെ ഒന്നും നടക്കില്ലെന്നാണ് താന്‍ പറഞ്ഞതെന്നും ഒരു ഘട്ടത്തിലും പാര്‍ട്ടിയിലെടുക്കേണ്ടെന്ന ഔദ്യോഗിക തീരുമാനം തങ്ങളെടുത്തിട്ടില്ലെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. 'ബിജെപിയുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ട്. അദ്ദേഹം വളരെ വൈകാരികമായല്ലേ പറഞ്ഞത്. വൈകാരികമായി അമ്മയുടെ ശവ സംസ്‌കാരത്തിന് വന്നില്ലെന്ന് പറഞ്ഞപ്പോള്‍ ബാലേട്ടന്‍ ഒരു ആശ്വാസ വാക്ക് പറഞ്ഞുവെന്നേയുള്ളു. രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ല', എം ബി രാജേഷ് പറഞ്ഞു.
കോണ്‍ഗ്രസിലെ മതനിരപേക്ഷവാദികള്‍ക്കും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും കൊണ്ടുനടക്കാവുന്ന നേതാവാണോ സന്ദീപ് വാര്യരെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്. കേരളത്തില്‍ വിദ്വേഷ പരാമര്‍ശത്തിന് ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തിയാല്‍ ശശികല ടീച്ചറെ പോലും രണ്ടാമതാക്കുന്നയാളെയാണ് സന്ദീപ് വാര്യരെന്നും എം ബി രാജേഷ് പറഞ്ഞു.
Content Highlights: M B Rajesh against Sandeep G Varier on Party change