തിരുവനന്തപുരം: സന്ദീപ് വാര്യരെ കോണ്‍ഗ്രസില്‍ എടുത്തതിനെതിരായ സിപിഐഎം വിമര്‍ശനത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഐഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ടാണ് വിമര്‍ശനം ഉന്നയിക്കുന്നത്. സന്ദീപ് വന്നത് ഒരു ഉപാധിയുടെയും പുറത്തല്ല. സന്ദീപിന്റെ വരവിനെ കെ മുരളീധരന്‍ വിമര്‍ശിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
ഇത്രകാലം ബിജെപിക്കൊപ്പം നിന്ന ഒരാള്‍ കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ അത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ ചിന്തിക്കും. ആ ചിന്ത പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാകും. ഈ ഉത്തരം സ്വാഭാവികമായും ബിജെപിക്ക് എതിരായിരിക്കും. ഒരു ഉപാധിയും മുന്നോട്ടുവെച്ചിട്ടില്ല. അദ്ദേഹം ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം ചെയ്യുമെന്നും കെ സുധാകരന്‍ പറഞ്ഞു. പറഞ്ഞ വിമര്‍ശനങ്ങള്‍ മാറ്റി പറയും. കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടിയാണല്ലോ പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെയല്ലേ വേണ്ടത്. അത് അദ്ദേഹം ചെയ്യും. മുരളീധരന്‍ അത്ര വലിയ വിമര്‍ശനം ഒന്നുമല്ല ഉന്നയിച്ചത്. അദ്ദേഹം പറയുന്നത് ഒരു തിരുത്തല്‍ എന്ന നിലയിലുള്ള സംസാരമാണ്. സന്ദീപ് വാര്യര്‍ തിരിച്ച് വെറുപ്പിന്റെ കടയിലേക്ക് പോകുമെന്ന് തോന്നുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ദീപാദാസ് മുൻഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ സ്വീകരിക്കാൻ വേദിയിൽ അണിനിരന്നത്. വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തിൽ നിന്നും സാഹോദര്യത്തിൻ്റെ രാഷ്ട്രീയത്തിലേക്കെത്തിയ സന്ദീപ് വാര്യർക്ക് സ്വാഗതമെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് കെ സുധാകരൻ പ്രതികരിച്ചു.
ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായം പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചിരുന്നു. വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയിൽ നിന്ന് സ്നേഹം താൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ടി അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.
Content Highlight: K sudhakaan slams CPIM, says Sandeep varier will stay with congress