പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിരോധിത ഭീകരവാദ സംഘടനയുമായി സതീശൻ ഉണ്ടാക്കിയ ധാരണയിൽ മറുപടി പറഞ്ഞില്ലെന്നും ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. എസ്ഡിപിഐയുടെ പേരിൽ പ്രത്യേക കേന്ദ്രങ്ങളിൽ പ്രചാരണം നടത്തുകയാണ്. ഭീകരവാദികളെ കൂട്ട് പിടിച്ച് പ്രചാരണം നടക്കുന്നു എന്നത് തെളിഞ്ഞു.
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ സതീശൻ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. സതീശന് കണ്ടക ശനിയാണ്. എസ്ഡിപിഐ നോട്ടീസിൻ്റെ പിതൃത്വം ആർക്കെന്ന് ചോദിച്ച സുരേന്ദ്രൻ പിഎഫ്ഐയും ജമാത്തെ ഇസ്ലാമിയും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ഓഫീസിൽ നിറയെ എസ്ഡിപിഐക്കാർ ആണെന്നും ആരോപിച്ചു. വഖഫ് വിഷയത്തിൽ ഇരു മുന്നണികൾക്കും ഒരേ അഭിപ്രായമാണ്. കുടിയിറക്കപ്പെടുന്നവർക്ക് ഒപ്പം നിൽക്കുന്നില്ല. രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് ഒപ്പമാണ് സതീശൻ നിൽക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് 20-ന് കഴിയും. വിഷവിത്തുകളെ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് കലാപം ഉണ്ടാക്കാനേ ഉപകരിക്കൂ.
എസ്ഡിപിഐ യുഡിഎഫ് മുന്നണിയിൽ ഉണ്ടോ? വസ്തുതയിൽ നിന്ന് പിന്മാറുകയാണ്. ബിജെപി കൗൺസിലർമാർ യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹത്തിൽ പ്രതികരിച്ച കെ സുരേന്ദ്രൻ ടാക്സ് ഇല്ലാതെ സ്വപ്നം കാണാമെന്നും പരിഹസിച്ചു. കാശ് കൊണ്ട് മയങ്ങുന്നവർ അല്ല കൗൺസിലർമാരെന്നും കൂട്ടിച്ചേർത്തു.
സന്ദീപുമായി ബന്ധപ്പെട്ട് താൻ ഇനി എന്ത് പറയാനാണ്. പറയാനുള്ളത് എല്ലാം പറഞ്ഞു. കെ സുധാകരൻ ശാഖക്ക് കാവൽ നിന്ന ആളാണ്. സന്ദീപ് വാര്യർ തരിമ്പ് പോലും ചലനം ഉണ്ടാക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേന്ദ്ര ധനസഹായം സംബന്ധിച്ച പ്രതികരണത്തിൽ അന്തിമ റിപ്പോർട്ട് കേരളം കൊടുത്തിട്ടില്ലെന്നും അന്തിമ റിപ്പോർട്ട് സമർപ്പിക്കാതെ പൈസ കിട്ടുമോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കേരളത്തിൻ്റെ കയ്യിൽ ചിലവഴിക്കാൻ ആവശ്യത്തിന് പണം ഉണ്ടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: k surendran against vd satheesan