മലപ്പുറം: കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ സന്ദീപ് വാര്യര്‍ പാണക്കാടെത്തി മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയമായി കൗതുകമുണര്‍ത്തുന്ന കാഴ്ചയായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തായിരുന്നു മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തത്. ഇവര്‍ക്ക് പുറമെ എംഎല്‍എമാരായ എം ഷംസുദ്ദീന്‍. നജീബ് കാന്തപുരം, യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്, ലീഗിന്റെ രാജ്യസഭ എം പി ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്.
രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ആവര്‍ത്തിച്ചായിരുന്നു സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത്. ബിജെപി വെറുപ്പിന്റെ ഫാക്ടറിയാണെന്നും മനം മടുത്തെന്നും സന്ദീപ് പറഞ്ഞിരുന്നു. വെറുപ്പിന്റെ ഫാക്ടറിയില്‍ നിന്നും സ്‌നേഹത്തിന്റെ കടയിലേക്ക് എത്തിയെന്നും സന്ദീപ് പറഞ്ഞിരുന്നു. വലിയ സ്വീകാര്യതയാണ് സന്ദീപിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുസ്‌ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും
സന്ദീപ് വാര്യരുടെ കടന്നുവരവിനെ സന്തോഷത്തോടെ നോക്കിക്കാണുന്നു. അദ്ദേഹത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ നിലപാടുകളെല്ലാം മാറ്റി സൗഹാര്‍ദത്തിന്റെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റേയും രാഷ്ട്രീയ ഭൂമിയിലേക്ക് അദ്ദേഹം കടന്നുവന്നിരിക്കുകയാണ്. ഏറെ സന്തോഷമുണ്ട്. പാണക്കാട്ടെ പാരമ്പര്യവുമായി അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇവിടെ കടന്നുവന്നതോടെ ഇത് ഞങ്ങള്‍ കൂടുതല്‍ ആസ്വദിക്കുകയാണ്.
സന്ദീപ് വാര്യരുടെ കടന്നുവരവിൻ്റെ രാഷ്ട്രീയ വശമാണ് ചിന്തിക്കേണ്ടത്. ബിജെപിയാണ് അവസാന അഭയകേന്ദ്രമെന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരുന്നതോടെ മാറ്റം വരുന്നത്. കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് വരാനിരിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാലക്കാടുണ്ടായ ഷോ ഒക്കെ ഇതുവരെ കാണാത്ത വിധത്തില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയത്. സന്ദീപ് വാര്യരുടെ രാഷ്ട്രീയ പ്രവേശനം ദേശീയ തലത്തില്‍ പോലും പ്രാധാന്യമുള്ളതാണ്. പാണക്കാട് കുടുംബത്തില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയതിന് പിന്നില്‍ മതസൗഹാര്‍ദമെന്ന ആശയം കൂടിയുണ്ട്. നാളെ യുഡിഎഫിന്റെ എല്ലാ നേതാക്കളെയും അദ്ദേഹം കാണും. അങ്ങനെയൊരു ജീവിതം വേണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. വിഭാഗീയതയില്‍ മനം മടുത്തുവെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്
Content Highlight: Muslim league leaders welcomes Sandeep Varier