തിരുവനന്തപുരം: എൻ പ്രശാന്തിന് വേണ്ടി ഭീമഹർജിയുമായി കാംകോ തൊഴിലാളികൾ. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് പ്രശാന്തിനെ തിരിച്ചെടുക്കുമ്പോൾ കാംകോ എംഡി ആക്കണം എന്നാണ് ആവശ്യം. വിവിധ യൂണിയനുകളിൽപ്പെട്ട 468 പേർ ഭീമഹർജിയിൽ ഒപ്പിട്ടു. ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. കാംകോയിലെ വിവിധ യൂണിയനുകളും മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കാംകോ കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്നും രണ്ടരമാസം മുമ്പ് ചുമതലയേറ്റ എൻ പ്രശാന്ത് ഐഎഎസ് സ്ഥാപനത്തെ നല്ല രീതിയിൽ നയിച്ചു എന്നുമാണ് ഹർജിയിൽ പറയുന്നത്. സ്ഥാപനം നേരത്തെ കടുത്ത പ്രതിസന്ധിയിലേക്ക് പോയിരുന്നതും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എൻ പ്രശാന്തിനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരത്ത കാംകോ തൊഴിലാളി സംഘടനകൾ കത്ത് നൽകിയിരുന്നു. സിഐടിയു, എഐടിയുസി, കാംകോ ഓഫീസേഴ്‌സ് അസോസിയേഷൻ, കാംകോ എൻജിനീയേഴ്‌സ് അസോസിയേഷൻ, അസോസിയേഷൻ ഓഫ് കാംകോ ഓഫീസേഴ്‌സ് എന്നീ സംഘടനകളായിരുന്നു മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
സർവീസ് ചട്ട ലംഘനങ്ങളുടെ പേരിൽ എൻ പ്രശാന്തിനെ നേരത്തെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ ഫേസ്ബുക്കിലൂടെ നടത്തിയ വിമർശനങ്ങളുടെ പേരിലായിരുന്നു നടപടി. പട്ടികജാതി-വർഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന പ്രശാന്ത് പട്ടികജാതി-വർഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച 'ഉന്നതി'യുടെ സിഇഒ ആയിരുന്ന കാലത്ത് സംഭവിച്ച വീഴ്ചകളെക്കുറിച്ച് എ ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എന്നാൽ എൻ പ്രശാന്ത് ഫയൽ മുക്കിയില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. ഫയലുകൾ കൈമാറിയെന്ന് മന്ത്രിയുടെ ഓഫീസ് സമ്മതിക്കുന്ന രേഖകളാണ് റിപ്പോർട്ടറിന് ലഭിച്ചത്. ഉന്നതി പദ്ധതിയുടെ ഫയലുകൾ സിഇഒ ആയിരുന്ന എൻ പ്രശാന്ത് മുക്കി എന്നതായിരുന്നു ആരോപണം. എന്നാൽ സ്ഥാനമൊഴിഞ്ഞപ്പോൾ പ്രശാന്ത് ഫയലുകൾ മന്ത്രിക്ക് കൈമാറിയിരുന്നു. ഇത് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഫയൽ മുക്കിയെന്ന് ജയതിലക് വ്യാജ റിപ്പോർട്ട് ഉണ്ടാക്കിയെന്ന് വ്യക്തമാക്കുന്ന രേഖകളാണ് റിപ്പോർട്ടർ പുറത്തുവിട്ടത്. റിപ്പോർട്ട് ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടാണ് ഒരു പത്രം വാർത്തയാക്കിയത്. ഈ റിപ്പോർട്ടിനെതിരെയായിരുന്നു പ്രശാന്ത് ഫേസ്ബുക്കിൽ തുറന്നെഴുതിയത്.
Content Highlights: N Prashanth should be made MD again when he is reinstated KAMCO workers with petition to CM