കൊച്ചി: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന കെ സുധാകരൻ്റെ പരാമർശത്തിൽ തങ്ങൾക്ക് ഒരുപാട് മുന്തിരി കിട്ടുന്നുണ്ടെന്നായിരുന്നു റിയാസിൻ്റെ പ്രതികരണം. 61 കൊല്ലമായി കോൺഗ്രസ്സിന്റെ കൈയിലുണ്ടായിരുന്ന കോഴിക്കോട് നഗരത്തിലെ ചേവായൂർ സഹകരണ ബാങ്ക്, അവിടെ എണ്ണാത്തിയിരത്തിൽ അധികം പേർ കോൺഗ്രസിനെതിരെ വോട്ട് ചെയ്തു. പരമ്പരാഗത കോൺഗ്രസ്സ് വോട്ടർമാരാണ് ഇവർ. നേതൃത്വത്തോടുള്ള കടുത്ത പ്രതിക്ഷധത്തിൻ്റെ ഭാഗമായാണ് ഇവർ വോട്ട് ചെയ്തത്. അത്തരത്തിൽ ആയിരകണക്കിന് മുന്തിരികളാണ് കിട്ടി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് മുന്തിരിക്ക് ഒരു ക്ഷാമവുമില്ല. പക്ഷെ മതനിരപേക്ഷ മുന്തിരിയാണെന്ന് ഉറപ്പുവരുത്തും. ഞങ്ങൾക്കൊപ്പം വന്നാൽ ഉശിരൻ മതനിരപേക്ഷ മുന്തിരി ആക്കി മാറ്റിയെടുക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
'കനഗോലുവും കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ടവരും പറയുന്നത് കേട്ടാണ് സന്ദീപ് കാര്യങ്ങൾ പറയുന്നത്. ഞങ്ങളുടെ ലീഡർഷിപ്പിൽ ആരെങ്കിലും ഒരാൾ മതവർഗീയ രാഷ്ട്രീയ പാർട്ടി വിട്ടു പോരുന്നതിനെ ദുഃഖത്തോടെ കാണുന്നില്ല. മതവർഗീയ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ആര് വിട്ടു പോയാലും സ്വാഗതം ചെയ്യും. സന്ദീപ് വാര്യർ ബിജെപിയെ ആണോ അതോ ബിജെപിയുടെ രാഷ്ട്രീയത്തെ ആണോ വിട്ടു പോയതെന്ന് ഭാവിയിൽ കണ്ടറിയേണ്ട കാര്യമാണ്. കോൺഗ്രസ് അതിനു പറ്റിയ ഇടമാണോ എന്നതിലാണ് സംശയം. അത് അർത്ഥവത്താക്കുന്ന തരത്തിലാണ് അദ്ദേഹത്തിൻ്റെ അവസാന പ്രതികരണം. ഇനി ഞാൻ ബിജെപിക്ക് എതിരുള്ള രാഷ്ട്രീയം പറയില്ല കോൺഗ്രസ്സിന്റെ രാഷ്ട്രീയമേ പറയൂ എന്ന് സന്ദീപ് പറഞ്ഞത് ശ്രദ്ധിച്ച് കാണും. അതിന്റെ അർത്ഥമെന്തെന്നാൽ കോൺഗ്രസ്സിന്റെ രാഷ്ട്രീയം ബിജെപിക്ക് എതിരുള്ളതല്ല എന്നാണ്. കേരളത്തിൽ കോൺഗ്രസ്സ് നേതാക്കന്മാർ എവിടെയെങ്കിലും ബിജെപിക്കെതിരെ പറഞ്ഞിട്ടുണ്ടോ? യഥാർത്ഥത്തിൽ കേരളത്തിനോടുള്ള അവഗണയിൽ എല്ലാരും ഒരുമിച്ച് നിൽക്കണ്ടേ? അത് നിൽക്കുന്നുണ്ടോ? ഇ ഡി 3 വർഷമായി കൊടകര കുഴൽപ്പണ കേസിൽ ഉത്തരവാദിത്വപ്പെട്ട ബിജെപി നേതാക്കൻമാരെ ചോദ്യം ചെയ്യാത്തതിന് പകരം സംസ്ഥാന സർക്കാരിനെതിരെ അല്ലേ കോൺഗ്രസ് നിലപാട് സ്വീകരിച്ച'തെന്നും മന്ത്രി ചോദിച്ചു.
കോൺഗ്രസ്സിന് ബിജെപി വിരുദ്ധത പറയാനല്ല, ഇടതുപക്ഷ വിരുദ്ധത പറയാനാണ് താൽപര്യമെന്നും, യുഡിഫിന് വോട്ടുചെയ്ത മതനിരപേക്ഷ പരമ്പരാഗത വോട്ടർമാരിൽ ഈ കൂറ് മാറ്റം ആശങ്ക സൃഷ്ടിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. ബിജെപിക്ക് എതിരെയുള്ള ഫൈറ്റിൽ കോൺഗ്രസ് വെള്ളം ചേർക്കുന്നു എന്നു കണ്ട നിരവധിപേർ കോൺഗ്രസ്സിൽ നിന്ന് ഇടതുപക്ഷത്തേക്ക് എത്തുന്ന സമയത്ത് ബിജെപിയിൽ നിന്ന് ഒരാൾ കോൺഗ്രസിലേക്ക് എത്തുന്ന വൈരുധ്യം ശ്രദ്ധിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
'ബിജെപിയുടെ രാഷ്ട്രീയത്തെ കോൺഗ്രസ്സ് ശക്തമായി എതിർക്കുന്നില്ല എന്നുള്ളത് ഒരു പ്രശ്നമാണ്. സന്ദീപ് വാര്യരെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഞാനില്ല. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി ബിജെപിക്ക് സീറ്റ് കിട്ടി. അന്ന് സന്ദീപ് വാര്യർ പരസ്യമായി ബിജെപിയെ ജയിപ്പിക്കാൻ ശ്രമിച്ചയാളാണ്. എന്നാൽ കൈപ്പത്തിക്ക് വേണ്ടി പ്രവർത്തിക്കേണ്ട പലരും താമരക്ക് വേണ്ടി വോട്ട് മറിച്ചിട്ടുണ്ട്. ഇപ്പോൾ അവരൊക്കെ ഒരുമിച്ച് ഒരു പാർട്ടിയിലാണ്. കോൺഗ്രസിനെ നയിക്കുന്ന പലരും കോൺഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് പോയവരെക്കാൾ അപകടകാരികളാണ്. കോൺഗ്രസ്സ് വിട്ട് പോയവരെല്ലാം പരസ്യമായി അവരുടെ നിലപാട് പറഞ്ഞിട്ടുണ്ട്. എന്നാൽ കോൺഗ്രസ്സിൽ നിന്ന് കൊണ്ട് ബിജെപിയുടെ രാഷ്ട്രീയത്തെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ അഥവാ സ്ലീപ്പിങ് ഏജന്റുമാരായി പ്രവർത്തിക്കുന്നവർ കേരളത്തിലെ കോൺഗസ്സിനുള്ളിലുണ്ട്. പല നിലപാടുകളിൽ അതുകാണാൻ പറ്റും. അതുകൊണ്ടാണ് കോൺഗ്രസ്സ് വിട്ട് ആളുകൾ പുറത്തേക്ക് വരുന്നത്. അതെ സമയമാണ് ബിജെപിയിൽ നിന്ന് ഒരാൾ കോൺഗ്രസ്സിലേക്ക് എത്തുന്നത്' എന്നും റിയാസ് റിപ്പോർട്ടറിനോട് പ്രതികരിച്ചു.
content highlight- Public Works Minister PA Muhammad Riaz reacts to Sandeep Warrier's entry into Congress.