ഒമ്പത് വർഷം കഴിഞ്ഞു, എങ്ങുമെത്താതെ പാലക്കാട് മോയൻസ് സ്കൂളിലെ ഡിജിറ്റലൈസേഷൻ

'കുറേ വയറ് വലിച്ചുവെന്നല്ലാതെ ഒന്നും നടത്തിയിട്ടില്ല. 57 പ്രോജക്ടറുകളാണ് അടച്ചിട്ട മുറിക്കുള്ളിലുള്ളത്'

dot image

പാലക്കാട്: ഒമ്പത് വര്‍ഷമായിട്ടും ഡിജിറ്റലൈസേഷന്‍ പദ്ധതി എങ്ങുമെത്താതെ നില്‍ക്കുകയാണ് പാലക്കാട് മോയന്‍സ് സ്‌കൂളില്‍. 2015ലാണ് ഡിജിറ്റലൈസേഷന്‍ പദ്ധതി ആരംഭിക്കുന്നത്. 2016 ജൂണില്‍ പൂര്‍ത്തിയാകും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 9 വര്‍ഷമായിട്ടും ഇത് പൂര്‍ത്തിയായിട്ടില്ല. എട്ട് കോടിയായിരുന്നു പദ്ധതിക്ക് അനുവദിച്ച തുക. ഇതില്‍ നാല് കോടിയിലധികം ചിലവായെന്നാണ് കണക്ക്. വാങ്ങിയ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഒരു മുറിയില്‍ അടച്ചിട്ടിരിക്കുകയാണ്.

കുറേ വയറ് വലിച്ചുവെന്നല്ലാതെ ഒന്നും നടത്തിയിട്ടില്ലെന്ന് പിടിഎ പ്രസിഡന്റ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'എല്‍ഇഡി മോണിറ്റര്‍ വെച്ചിട്ടില്ല. പഴയ പ്രോജക്ടറാണ് ഇപ്പോഴും ക്ലാസുകളിലുള്ളത്. തുടക്കത്തില്‍ ബലം കുറഞ്ഞ കുറേ വസ്തുക്കള്‍ കൊണ്ട് പദ്ധതി നടപ്പിലാക്കാന്‍ നോക്കി. പക്ഷേ അന്നത്തെ പിടിഎ അതിന് അനുവദിച്ചില്ല. എംഎല്‍എയുടെ ഡ്രീം പ്രോജക്ടായിരുന്നു. 57 പ്രോജക്ടറുകളാണ് അടച്ചിട്ട മുറിക്കുള്ളിലുള്ളത്', പിടിഎ പ്രസിഡന്റ് പറഞ്ഞു.

മോയൻസ് സ്കൂൾ

പാലക്കാട് വികസന പ്രശ്‌നങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ടര്‍ നടത്തുന്ന യാത്രയിലാണ് അധികൃതരുടെ കെടുകാര്യസ്ഥത മൂലം വികസനം വഴിമുട്ടി നില്‍ക്കുന്ന വിവിധ സ്ഥലങ്ങള്‍ കണ്ടെത്തിയത്. പാലക്കാട് ടൗണ്‍ ഹാള്‍, എ ആര്‍ മേനോന്‍ പാര്‍ക്ക്, കെഎസ്ആര്‍ടിസി സ്റ്റാന്റ് തുടങ്ങി നിരവധി മേഖലകളാണ് വികസനം എത്താതെ തുടരുന്നത്.

എട്ട് കോടി മുടക്കി നിര്‍മിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ശുചിമുറികള്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും തുറന്നുനല്‍കുന്നില്ലെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയാണ് പുതിയ സ്റ്റാന്റിന്റെ നിര്‍മാണത്തിന്റെ കോണ്‍ട്രാക്ട് ഏറ്റെടുത്തത്. രണ്ട് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന കെട്ടിടത്തില്‍ രണ്ടും മൂന്നും നിലകളിലായാണ് ശുചിമുറികള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ രണ്ട് നിലകളിലെയും ശുചിമുറികള്‍ താഴിട്ട് പൂട്ടിയ നിലയിലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്റ്റാന്റിന്റെ ഉദ്ഘാടനം പൂര്‍ത്തിയായത്.

പത്ത് വര്‍ഷമായി അടഞ്ഞുകിടക്കുകയാണ് പാലക്കാട് ടൗണ്‍ ഹാള്‍. പാലക്കാട് നഗരസഭയുടെ കീഴിലാണ് ടൗണ്‍ ഹാള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് വര്‍ഷമായി ബിജെപിയാണ് നഗരസഭ ഭരിക്കുന്നത്. 30 വര്‍ഷത്തോളം കോണ്‍ഗ്രസ് ഭരിച്ചിരുന്നു. ഇരു മുന്നണികളും പരസ്പരം പഴിചാരുന്നതല്ലാതെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായിട്ടില്ല. 1973ലാണ് ടൗണ്‍ ഹാളിന്റെ ഉദ്ഘാടനം നടക്കുന്നത്.

പാലക്കാട് ടൌൺ ഹാൾ

നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും ഷാഫി പറമ്പില്‍ മൂന്ന് കോടി രൂപയോളം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫണ്ട് കിട്ടിയില്ലെന്ന് നഗരസഭ ആരോപിച്ചു. നവീകരണത്തിന് നഗരസഭ താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം. രൂപമാതൃകയും ഫണ്ടും സംബന്ധിച്ച് ഇപ്പോഴും നഗരസഭയും ഷാഫി പറമ്പിലും തമ്മില്‍ തര്‍ക്കം നടക്കുകയാണ്.

എ ആർ മേനോൻ പാർക്ക

കൊറോണയ്ക്ക് ശേഷം പൂര്‍ണമായും പ്രവര്‍ത്തനം നിലച്ച നിലയിലാണ് എ ആര്‍ മേനോന്‍ പാര്‍ക്ക്. ടിക്കറ്റ് എടുത്ത് പ്രവേശിക്കേണ്ട ഭാഗങ്ങളില്‍ കൃത്യമായി പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും സൗജന്യമായി പ്രവേശനം അനുവദിക്കുന്ന പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണെന്നും നാട്ടുകാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വെള്ളവും വെളിച്ചവുമില്ലാതെയാണ് പാര്‍ക്കിന്റെ നിലവിലെ അവസ്ഥ. ഇരിപ്പിടങ്ങളും തകര്‍ന്ന നിലയിലാണ്

Content Highlight: Digitization still under progression after 9 years in Moyens school Palakkad

dot image
To advertise here,contact us
dot image