'ശുചിമുറിയില്ല, പൊലീസില്ല, സിസിടിവിയില്ല'; ദുരിതമായി പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റ്

ശുചിമുറി നിർമിച്ചിട്ടും യാത്രക്കാർക്കും വനിതാ ജീവനക്കാരുൾപ്പെടെയുള്ളവർക്കും തുറന്നുകൊടുത്തിരുന്നില്ല. മന്ത്രിയെത്തി കാര്യം സാധിച്ച് ഉദ്ഘാടനം ചെയ്യാനായിരിക്കും കാത്തിരിക്കുന്നതെന്ന് പരിഹസിച്ച് ജീവനക്കാർ

dot image

പാലക്കാട്: കോടികള്‍ മുടക്കി നിര്‍മിച്ച പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ശുചിമുറിയില്ലാതെ വലഞ്ഞ് യാത്രക്കാരും ജിവനക്കാരും. ശുചിമുറി നിര്‍മിച്ചിട്ടും ജീവനക്കാര്‍ക്കോ യാത്രക്കാര്‍ക്കോ ഇതുവരെ ഉപയോഗിക്കാനായി തുറന്നുകൊടുത്തിട്ടില്ല. പ്രാഥമിക കര്‍ത്തവ്യങ്ങള്‍ക്കായി നൂറ് മീറ്റര്‍ അകലെയുള്ള പഴയ കെട്ടിടത്തിന്റെ ശുചിമുറിയാണ് ഉപയോഗിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. സ്ത്രീകള്‍ക്കുള്‍പ്പെടെ ഏറെക്കാലമായി പുതിയ കെട്ടിടത്തിലെ ശുചിമുറികള്‍ തുറന്നുനല്‍കിയിരുന്നില്ലെന്നും അടുത്തിടെ മാത്രമാണ് ഇതിന് പരിഹാരമുണ്ടായതെന്നും വനിത ജീവനക്കാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പാലക്കാട് വികസന പ്രശ്നങ്ങള്‍ പരിശോധിച്ച് റിപ്പോർട്ടർ നടത്തുന്ന യാത്രയിലാണ് വെളിപ്പെടുത്തല്‍.

എട്ട് കോടി രൂപ മുതല്‍ മുടക്കിലാണ് ബസ് സ്റ്റാന്റ് നിര്‍മിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയാണ് പുതിയ സ്റ്റാന്റിന്റെ നിര്‍മാണത്തിന്റെ കോണ്‍ട്രാക്ട് ഏറ്റെടുത്തത്. രണ്ട് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന കെട്ടിടത്തില്‍ രണ്ടും മൂന്നും നിലകളിലായാണ് ശുചിമുറികള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ രണ്ട് നിലകളിലെയും ശുചിമുറികള്‍ താഴിട്ട് പൂട്ടിയ നിലയിലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്റ്റാന്റിന്റെ ഉദ്ഘാടനം പൂര്‍ത്തിയായത്.

സെപ്റ്റിക് ടാങ്ക് ചെറുതാണെന്നാണ് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ പ്രതികരിച്ചത്. ഊരാളുങ്കലാണ് ഇത് ചെയ്യേണ്ടത്. അടുത്തിടെ ചെറിയ നവീകരണം നടത്തിയിരുന്നു. പക്ഷേ പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു.

'കെഎസ്ആര്‍ടിസിയില്‍ നിന്ന് കൃത്യമായി പരാതി പോകേണ്ടതുണ്ട്. ഒരു എംഎല്‍എയോ മന്ത്രിയോ ഒരു വികസന പദ്ധതി നടപ്പിലാക്കിയാല്‍ അവര്‍ക്ക് ദിവസവും അതിന്റെ പ്രവര്‍ത്തനം വന്ന് നോക്കാന്‍ പറ്റില്ലല്ലോ. അതിന് മേല്‍നോട്ടത്തിന് ഒരാള്‍ വേണ്ടേ, വീഴ്ച എല്ലാവരുടേയും ഭാഗത്തുണ്ട്. പ്ലാനില്‍ കൃത്യമായി എല്ലാം കൊടുത്തിട്ടുണ്ടാവും. ജീവനക്കാരെ അതൊന്നും കാണിച്ചിട്ടില്ല. വീടുകളില്‍ വെക്കുന്ന സെപ്റ്റിക് ടാങ്കാണ് ബസ് സ്റ്റാന്റില്‍ സ്ഥാപിച്ചിരിക്കുന്നത്. എംഎല്‍എയും മന്ത്രിയുമൊക്കെ പണം നല്‍കുന്നത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് അല്ലേ. അവരും ശ്രദ്ധിക്കണ്ടേ', ജീവനക്കാരന്‍ പ്രതികരിച്ചു.

കോടികള്‍ മുടക്കി നിര്‍മിച്ച അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലില്‍ പൊലീസ് ഔട്ട്‌പോസ്റ്റില്ലെന്നും ആരോപണമുണ്ട്. സിസിടിവിയും സ്ഥാപിച്ചിട്ടില്ല. സ്റ്റാന്റില്‍ മദ്യപാനികളുടെ ശല്യം പതിവാണ്. പിടിച്ചുപറിക്കാരുള്‍പ്പെടെയുള്ളവരുടെ ശല്യം സ്റ്റാന്റിലുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.

Content Highlight: Palakkad KSRTC bus stand has no cctv, police outpost and toilets says Employees

dot image
To advertise here,contact us
dot image