വന്ദേഭാരതിൽ വിളമ്പിയ സാമ്പാറില്‍ പ്രാണി; ജീരകമെന്ന് ന്യായീകരിച്ച് റെയില്‍വേ; ഒടുവില്‍ പിഴ

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജീരകമെന്ന വാദത്തെ റെയില്‍വേക്ക് മാറ്റേണ്ടി വന്നു

dot image

ചെന്നൈ: ട്രെയിന്‍ യാത്രക്കിടെ സാമ്പാറില്‍ നിന്നും യാത്രക്കാരന് പ്രാണികളെ ലഭിച്ച സംഭവത്തില്‍ ക്ഷമാപണവുമായി ദക്ഷിണ റെയില്‍വേ. സാമ്പാറിലൂടെ ഓടിനടക്കുന്ന കറുത്ത നിറത്തിലുള്ള പ്രാണികളുടെ ദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ക്ഷമാപണവുമായി റെയില്‍വേ രംഗത്തെത്തിയത്. ഭക്ഷണം വിതരണം ചെയ്ത ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സിന് 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

തിരുനെല്‍വേലി-ചെന്നൈ എഗ്മോര്‍ വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം. യാത്രയും ട്രെയിന്‍ സര്‍വീസും മെച്ചപ്പെട്ടതായിരുന്നുവെങ്കിലും വിതരണം ചെയ്ത ഭക്ഷണം മോശമായിരുന്നുവെന്നാണ് യാത്രക്കാരുടെ പ്രതികരണം.

ശനിയാഴ്ച രാവിലെ മധുരയില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ പ്രഭാത ഭക്ഷണത്തിനൊപ്പം ലഭിച്ച സാമ്പാറിലാണ് പ്രാണികളെ കണ്ടെത്തിയത്. യുവാവ് ആദ്യം അധികൃതരോട് പരാതി നല്‍കിയെങ്കിലും അത് പ്രാണിയല്ലെന്നും ജീരകമാണെന്നുമായിരുന്നു പ്രതികരണം. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജീരകമെന്ന വാദത്തെ റെയില്‍വേക്ക് മാറ്റേണ്ടി വന്നു.

റെയില്‍വേ ചീഫ് കാറ്ററിംഗ് ഇന്‍സ്‌പെക്ടറും ചീഫ് കൊമേഴ്ഷ്യല്‍ ഇന്‍സ്‌പെക്ടറും നടത്തിയ പരിശോധനയിലാണ് പ്രാണികള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സിന്റെ തിരുനെല്‍വേലിയിലെ ബ്രാഞ്ചില്‍ നിന്ന് എത്തിച്ചതാണ് ഭക്ഷണം. സാമ്പാര്‍ നിറച്ച പാത്രത്തിന്റെ മൂടിയിലാണ് പ്രാണികള്‍ ഉണ്ടായിരുന്നതെന്നും പാചകത്തിന് ശേഷമാണ് അവ കടന്നതെന്നും റെയില്‍വേ വിശദീകരിച്ചു. സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ റെയില്‍വേ, സ്ഥാപനത്തിനെതിരെ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.

Content Highlight: Insects from food served in Vande Bharat; Railway claims it to be cumin seeds; Fine imposed

dot image
To advertise here,contact us
dot image