പാലക്കാട്: പാലക്കാട്ടുകാരുടെ സ്വപ്നമായ ടൗൺ ഹാൾ നവീകരണം സമയത്തിന് നടത്താതെ അനാസ്ഥ കാട്ടിയത് ഷാഫി പറമ്പിൽ എംഎൽഎയെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. പല സമയത്തും ഫണ്ട് നൽകാതെയും, അനുമതികൾ സമയത്ത് വാങ്ങാതെയും ടൗൺ ഹാൾ നവീകരണം ഷാഫി വൈകിപ്പിക്കുകയായിരുന്നുവെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.
പാലക്കാട്ടുകാരുടെ ഏറെ കാലത്തെ സ്വപ്നമാണ് ടൗൺ ഹാൾ നവീകരണം. വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ് ഇവിടം. ടൗൺ ഹാളിനെ ഈ സ്ഥിതിയിലാക്കിയത് എംഎൽഎയുടെ മെല്ലെപ്പോക്കാണെന്നാണ് സി കൃഷ്ണകുമാറിന്റെ ആരോപണം. 2014ൽ ആണ് ഷാഫി പറമ്പിൽ ടൗൺ ഹാൾ നവീകരണത്തിന്റെ ഉദ്‌ഘാടനം നടത്തുന്നത്. യുഡിഫ് നഗരസഭ ഭരിക്കുന്ന സമയത്താണ് എംഎൽഎ ഫണ്ട് അനുവദിക്കുന്നതും കൈമാറുന്നതും. പ്ലാൻ പോലും ഇല്ലാതെ, ഫണ്ട് പോലും അനുവദിക്കപ്പെടാതെ ഷാഫി നവീകരണ ഉദ്‌ഘാടനം നടത്തി ജനങ്ങളെ പറ്റിച്ചുവെന്നും ഒരു അനുമതിയും വാങ്ങിയിരുന്നില്ലെന്നും സി കൃഷ്ണകുമാർ പറഞ്ഞു.
കൊവിഡ് കാലത്ത് ടൗൺ ഹാളിന്റെ പണി പൂർണമായും നിന്നു. ഷാഫി പിന്നീട് ഫണ്ട് നൽകിയില്ലെന്നും നേരിട്ടുള്ള നിർവഹണം എംഎൽഎ വഴി ആയതിനാൽ നഗരസഭയ്ക്ക് നല്‍കാനാകില്ലെന്നും കൃഷ്ണകുമാർ ആരോപിക്കുന്നു. താൻ എംഎൽഎ ആയാല്‍ ഒരു കൊല്ലത്തിനകം ടൗൺ ഹാൾ പുതുക്കിപ്പണിയുമെന്നും കൃഷ്ണകുമാർ ഉറപ്പുനൽകി. നഗരഹൃദയത്തിൽ അടഞ്ഞുകിടക്കുന്ന എ ആർ മേനോൻ പാർക്ക് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്നും കൃഷ്ണകുമാർ ഉറപ്പുനൽകി.
ഷാഫി പറമ്പിലിന്റെ എല്ലാ വികസനങ്ങളും പാതിവഴിയിലാണെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശുചിമുറി സംവിധാനം പോലും ഇതുവരെ പൂർത്തിയായിട്ടില്ല. പബ്ലിസിറ്റിക്ക് വേണ്ടി എല്ലാം നേരത്തെ ഉദ്‌ഘാടനം നടത്തുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. താൻ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ പാലക്കാട്ടെ നെൽ കർഷകർക്ക് പ്രത്യേക പാക്കേജ് ഉണ്ടാകുമെന്നും, ജൽ ജീവൻ മിഷൻ പദ്ധതി എല്ലാ വീടുകളിലേക്കെത്തിക്കുമെന്നും, ഇ ശ്രീധരൻ മുന്നോട്ടുവെച്ച മാസ്റ്റർ പ്ലാൻ നടപ്പിലാക്കുകമെന്നും കൃഷ്ണകുമാർ പറഞ്ഞു. കൂടാതെ പാലക്കാട് - ബാംഗ്ലൂർ വന്ദേ ഭാരതും, എയിംസും താൻ കൊണ്ടുവരുമെന്നും കൃഷ്ണകുമാർ വാഗ്ദാനം നൽകി.
Content Highlights: Town hall was delayed because of shafi parambil, says C Krishnakumar