കാസർഗോഡ്: തങ്ങൾ വിമർശനവിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഇ പി ജയരാജനും രംഗത്ത്. സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയപാർട്ടി നേതാവ് എന്ന നിലയിലാണെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും ലീഗ് സഖ്യമുണ്ടാക്കുന്നത് അവരെ എതിർക്കാൻ കഴിയാത്തതുകൊണ്ടാണ് എന്നും ഇ പി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ലീഗ് പ്രസിഡന്റുമാർ മുൻകാലത്തും എതിർത്തിട്ടുണ്ട്. ആ നിലപാടിൽ നിന്ന് എന്താണ് ഇപ്പോൾ മുസ്ലീംലീഗിന് സംഭവിച്ചത് എന്ന് ഇ പി ചോദിച്ചു. അത് മുസ്ലിം ലീഗിന് ക്ഷീണമാകുമെന്നും ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്നത് ആർഎസ്എസിന് കരുത്തേകുന്നതു പോലെയാണെന്നും ഇ പി പറഞ്ഞു.
അതേസമയം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വിമർശനം സിപിഐഎം തുടരുക തന്നെയാണ്. രാഷ്ട്രീയവിമർശനം പറയുമ്പോൾ മതനേതാവിന്റെ പരിവേഷം നൽകി പ്രതിരോധിക്കുന്നുവെന്നാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന.
അധികാരത്തിനുവേണ്ടി മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മത മൗലികവാദ കക്ഷികളുമായി രാഷ്ട്രീയ ചങ്ങാത്തം സ്ഥാപിക്കുമ്പോൾ രാഷ്ട്രീയ വിമർശനം സ്വാഭാവികമാണെന്ന് സിപിഐഎം പ്രസ്താവനയിൽ പറയുന്നു.
സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയായി മാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇതോടെയാണ് ഈ പരാമർശത്തിൽ ഒരു രാഷ്ട്രീയയയുദ്ധം തന്നെ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയും രംഗത്തുവന്നിരുന്നു.
Content Highlights: EP supports pinarayi vijayan on thangal criticism