പാലക്കാട്: കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വെർഷൻനാണ് എൽഡിഎഫിന്റെ പുതിയ പത്രപരസ്യമെന്ന് ഷാഫി പറമ്പിൽ. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടി സിറാജിലും, സുപ്രഭാതത്തിലും നൽകിയ പത്രപരസ്യത്തിനെതിരെയാണ് ഷാഫി പറമ്പിൽ പ്രതികരിച്ചത്. സിപിഐഎം പരസ്യങ്ങൾക്ക് സംഘപരിവാർ ഭാഷയാണെന്നും വർഗീയ ഭിന്നിപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ഷാഫി റിപ്പോർട്ടറിനോട് പറഞ്ഞു.
സിപിഐഎം ഇത്രയും അധഃപതിക്കരുത്, അപകടകരമായ രാഷ്ട്രീയമാണ് സിപിഐഎം കളിക്കുന്നത്. എ കെ ബാലൻ ക്രിസ്റ്റൽ ക്ലിയർ എന്ന് വിശേഷിപ്പിച്ചയാളാണ് സന്ദീപ്. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞയാളെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. ബിജെപിയിൽ നിന്ന് ഒരാൾ പോയതിൽ സിപിഐഎം എന്തിനാണ് ഇത്ര വിഷമിക്കുന്നതെന്നും ഷാഫി പറമ്പിൽ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ ഇതിന് അനുമതി നൽകിയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടിയാണ് എല്ഡിഎഫിന്റെ പത്രപരസ്യം. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തിൽ പരസ്യം നൽകിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയിൽ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.
അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാർത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയൽ എന്ന് പറയുന്നത്. സരിൻ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തിൽ കാണാം. എന്നാൽ പരസ്യത്തിൽ കൂടുതലായും പരാമർശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.
സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വർഗീയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടക്കൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകൾ, ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
Content highlight- Glorified version of Kafir screenshot; Responding to LDF's newspaper advertisement, Shafi Parampil