'മതേതര വോട്ടിൽ ഭിന്നിപ്പുണ്ടാക്കാനുള്ള കുടില തന്ത്രം'; പരസ്യ വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

മതേതര ചേരിയുടെ ശക്തി കുറക്കാന്‍ നോക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

dot image

പാലക്കാട്: എല്‍ഡിഎഫ് പരസ്യ വിവാദത്തില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മതേതര ചേരിയില്‍ ഭിന്നിപ്പ് ഉണ്ടാക്കി അതില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് പരസ്യ വിവാദത്തില്‍ അദ്ദേഹം പ്രതികരിച്ചു. മതേതര ചേരിയുടെ ശക്തി കുറക്കാന്‍ നോക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

'ഈ കേരളത്തില്‍ പോലും ഇപ്പോള്‍ അത് നടക്കുന്നു. മതേതര വോട്ടില്‍ ഭിന്നിപ്പ് ഉണ്ടാക്കി ഫാസിസ്റ്റുകളെ വിജയിപ്പിക്കാനുള്ള കുടില തന്ത്രങ്ങള്‍ നടക്കുന്നു. നമ്മള്‍ ഒക്കെ കരുതിയിരിക്കേണ്ട കാര്യമാണത്. ബിജെപി ജയിച്ചാലും കുഴപ്പമില്ല എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണ്', കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യം വിവാദമായിരുന്നു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു പരസ്യം. 'സരിന്‍ തരംഗം' എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വര്‍ഗീയ പരാമര്‍ശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ പത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യം അനുമതി വാങ്ങാതെയാണെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നല്‍കിയത്. യഥാര്‍ത്ഥത്തില്‍ പ്രീ സര്‍ട്ടിഫിക്കേഷന്‍ വാങ്ങിയ ശേഷമാണ് പരസ്യം നല്‍കേണ്ടത്.

Content Highlights: P K Kunhalikkutty against Suprabhatham on LDF ad raw

dot image
To advertise here,contact us
dot image