ഏതെങ്കിലും പാർട്ടിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യമില്ല; പരസ്യത്തിൽ പങ്കില്ലെന്ന് സമസ്ത

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തയ്ക്ക് ബന്ധമില്ലെന്ന് വാര്‍ത്താക്കുറിപ്പ്

dot image

പാലക്കാട്: സുപ്രഭാതം പത്രത്തില്‍ വന്ന എല്‍ഡിഎഫ് പരസ്യത്തില്‍ പങ്കില്ലെന്ന് സമസ്ത. ഏതെങ്കിലും പാര്‍ട്ടിയെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് സമസ്ത ആവശ്യപ്പെടാറില്ലെന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ലെന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

'ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തയ്ക്ക് ബന്ധമില്ലെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഐ കെ ആലിക്കട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവായില്‍ പറഞ്ഞു', വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Samastha
സമസ്ത പുറത്തിറക്കിയ വാർത്താക്കുറിപ്പ്

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളില്‍ എല്‍ഡിഎഫ് പരസ്യം നല്‍കിയത്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു പരസ്യം. 'സരിന്‍ തരംഗം' എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വര്‍ഗീയ പരാമര്‍ശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

എന്നാല്‍ പത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യം അനുമതി വാങ്ങാതെയാണെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നല്‍കിയത്. യഥാര്‍ത്ഥത്തില്‍ പ്രീ സര്‍ട്ടിഫിക്കേഷന്‍ വാങ്ങിയ ശേഷമാണ് പരസ്യം നല്‍കേണ്ടത്. പത്രപരസ്യത്തിന്റെ ഔട്ട്‌ലൈന്‍ എംസിഎംസി സെല്ലിന്റെ സമിതിയില്‍ നല്‍കി, അന്തിമാനുമതി ലഭിച്ച ശേഷമേ പ്രസിദ്ധീകരിക്കാന്‍ സാധിക്കൂ. ജില്ലാ കളക്ടര്‍ ആണ് ഈ പരസ്യങ്ങള്‍ക്ക് പ്രീ സര്‍ട്ടിഫിക്കേഷന്‍ നല്‍കേണ്ടത്. എന്നാല്‍ ഇതൊന്നും വിവാദ പരസ്യത്തിന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Content Highlights: Samasta denied LDF ad in Suprabhatham Paper

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us