ന്യൂഡൽഹി: ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം.
സിദ്ദിഖ് മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി വാദത്തിനിടയിൽ ചോദിച്ചിരുന്നു. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കെതിരെ പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്നും സിദ്ദിഖ് അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയിൽ വാദിച്ചു.
പരാതി നല്‍കാന്‍ വൈകിയതില്‍ സുപ്രീംകോടതി പരാതിക്കാരിയോട് വീണ്ടും വിശദീകരണം തേടിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമാണ് പരാതി നല്‍കാന്‍ ധൈര്യമുണ്ടായതെന്ന് അതിജീവിത മറുപടി നൽകി. ഇതിനിടയിൽ സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടിയും ആവർത്തിച്ചു. സിദ്ദിഖിനെതിരെ സാക്ഷിമൊഴികളുണ്ട്, മറ്റ് തെളിവുകളുമുണ്ടെന്നും, നടന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കേണ്ടതുണ്ടെന്നും എസ്‌ഐടി സുപ്രീംകോടതിയെ അറിയിച്ചു. സുപ്രധാന തെളിവുകള്‍ സിദ്ദിഖ് നശിപ്പിച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടിയിരുന്നു. വിശദമായ വാദം കേള്‍ക്കാനായി മാറ്റുകയുമായിരുന്നു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ് സിദ്ദിഖ് എസ്ഐടിയോട് ചോദിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ് എന്നായിരുന്നു സിദ്ദിഖ് കോടതിയെ നേരത്തെ അറിയിച്ചത്.
ചോദ്യം ചെയ്യാന്‍ സിദ്ദിഖ് ഹാജരായോ എന്ന് എസ്‌ഐടിയോട് സുപ്രീംകോടതി ചോദിച്ചിരുന്നു. തുടർന്നാണ് സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്ന് പറഞ്ഞ സിദ്ദിഖിൻ്റെ അഭിഭാഷകന്‍ പരാതിക്കാരിയെ തിയേറ്ററിൽ വെച്ച് മാതാപിതാക്കള്‍ക്കൊപ്പം മാത്രമാണ് കണ്ടതെന്നും വ്യക്തമാക്കിയിരുന്നു.
ധൈര്യമില്ലാത്തത് കൊണ്ടാണ് പരാതി നല്‍കാന്‍ എട്ടര വര്‍ഷം വൈകിയതെന്നായിരുന്നു അതിജീവിതയുടെ വാദം. കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തില് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അതിജീവിത നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ പറഞ്ഞിരുന്നു.
Content Highlights: Siddique gets interim bail from supreme court