ജയചന്ദ്രന്റെ കണക്കുകൂട്ടൽ പിഴച്ചതെവിടെ? ദൃശ്യം സിനിമയിലെ ആ രീതി തന്നെ പണിയായപ്പോൾ

തെളിവ് നശിപ്പിക്കാൻ ജയചന്ദ്രൻ ശ്രമിച്ച വഴിയും മറ്റുമെല്ലാം യഥാർത്ഥത്തിൽ സിനിമയിൽ കണ്ടതുപോലെ തന്നെയായിരുന്നു

dot image

ആലപ്പുഴ: ജീത്തു ജോസഫിന്റെ സംവിധാനത്തിൽ, മോഹൻലാൽ നായകനായി, 'ദൃശ്യം' സിനിമ ഇറങ്ങിയത് 2013ലാണ്. അതിൽ മോഹൻലാലിനെ കഥാപാത്രമായ ജോർജ്കുട്ടി അതിവിദഗ്ധമായാണ് കൊലപാതകം ഒളിപ്പിക്കുന്നത്. തെളിവുകൾ നശിപ്പിക്കുന്നതും അതീവ സൂഷ്മമായിത്തന്നെ. പിന്നീട് കേരളത്തിലും അല്ലാതെയും നടന്ന പലതരം കുറ്റകൃത്യങ്ങൾക്കും ഈ സിനിമ പ്രചോദനമായെന്ന തരത്തില്‍ വാർത്തകള്‍ പുറത്തുവന്നിട്ടുണ്ട്. 'ദൃശ്യം മോഡൽ കൊലപാതക'ങ്ങൾ അനവധി ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയുടേത്. തെളിവ് നശിപ്പിക്കാൻ ജയചന്ദ്രൻ ശ്രമിച്ച വഴിയും മറ്റുമെല്ലാം യഥാർത്ഥത്തിൽ സിനിമയിൽ കണ്ടതുപോലെ തന്നെയായിരുന്നു. പക്ഷെ ഒരിടത്ത് ജയചന്ദ്രന്റെ കണക്കുകൂട്ടൽ പിഴച്ചു.

ദൃശ്യം സിനിമയിലെ പ്രധാനപ്പെട്ട ഒരു സീനാണ് വരുൺ എന്ന കഥാപാത്രത്തിന്റെ ഫോൺ ജോർജ്കുട്ടി ഒരു ലോറിയിൽ ഉപേക്ഷിക്കുന്നത്. വിജയലക്ഷ്മിയുടെ കൊലപാതകത്തിന് ശേഷം ജയചന്ദ്രനും ഇതേ രീതിയാണ് പരീക്ഷിച്ചത്. എറണാകുളം ഡിപ്പോയിലെ ഒരു ബസിൽ ജയലക്ഷ്മിയുടെ ഫോൺ ഉപേക്ഷിച്ച ശേഷം ഒന്നുമറിയാത്തതുപോലെ ജയചന്ദ്രൻ പഴയ ജീവിതത്തിലേക്ക് കടന്നു. എന്നാൽ ഈ ഫോൺ ലഭിച്ച കണ്ടക്ടർ, അത് പൊലീസിന് കൈമാറിയതോടെ നിർണായകമായ തെളിവുകൾ ലഭിക്കുകയായിരുന്നു. ഇരുവരും തമ്മിലുളള സന്ദേശങ്ങൾ വഴി വിജയലക്ഷ്മി അവസാനം സംസാരിച്ചത് ജയചന്ദ്രനോടാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അങ്ങനെ ഒരു ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ചുരുക്കത്തിൽ, ആളുകൾ കയറിയിറങ്ങുന്ന ബസിൽ മൊബൈൽ ഉപേക്ഷിച്ച ജയചന്ദ്രന്റെ നടപടിയായിരുന്നു, പൊലീസിനെ ഏറെ സഹായിച്ചത്.

വിജയലക്ഷ്മിയെ കുഴിച്ചിട്ട സ്ഥലം
വിജയലക്ഷ്മിയെ കുഴിച്ചിട്ട സ്ഥലം

ഫോണിലെ തെളിവുകൾ എല്ലാം ശേഖരിച്ച ശേഷം പൊലീസ് നേരെ പോയത് അമ്പലപ്പുഴയിലെ ജയചന്ദ്രന്റെ വീട്ടിലേക്കാണ്. ജയചന്ദ്രൻ കടലിൽ പോയിരുന്ന ആ സമയത്ത് അവിടെ ആകെ ഉണ്ടായിരുന്നത് അയാളുടെ ഭാര്യ സുനിമോൾ മാത്രം. എന്നാൽ പൊലീസിന്റെ മുൻപാകെ സുനിമോൾ തനിക്ക് ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ബന്ധം അറിയാമെന്ന് തുറന്നുപറഞ്ഞു. ജയചന്ദ്രൻ വിജയലക്ഷ്മിയെ കണ്ടതും പരിചയപ്പെട്ടതും എല്ലാം കരുനാഗപ്പള്ളിയിൽ വെച്ചാണെന്നും, സൗഹൃദം ദൃഢമാണെന്നുമെല്ലാം സുനിമോൾ പറഞ്ഞു. വിജയലക്ഷ്മിയെ താൻ നേരിട്ട് പോയി കണ്ടപ്പോൾ, ജയചന്ദ്രൻ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് അവർ പറഞ്ഞിരുന്നതായും സുനിമോൾ വെളിപ്പെടുത്തി. ഇതോടെയാണ് വിജയലക്ഷ്മിയുടെ മിസ്സിങ് കേസ് അന്വേഷിക്കുകയായിരുന്ന പൊലീസിന് 'കുത്തുകൾ യോജിപ്പിക്കൽ' എളുപ്പമായത്.

സുനിമോളും മകനും വീട്ടിലില്ലാത്ത സമയത്ത് അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. വിജയലക്ഷ്മിക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. ഇതിനെ സംബന്ധിച്ച എല്ലാ തെളിവുകളും പൊലീസ് ജയചന്ദ്രന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.

വീടിന് പിന്നിൽ, അഞ്ച് മീറ്റർ അകലെയുള്ള ഒരു ഒഴിഞ്ഞ പറമ്പിലായിരുന്നു ജയചന്ദ്രൻ മൃതദേഹം കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തത്. അതും പക്കാ ദൃശ്യം മോഡൽ. ഇവിടം വരെ മൃതദേഹം ജയചന്ദ്രൻ എങ്ങനെ എത്തിച്ചു എന്നതും, ആരും ഇത് കണ്ടില്ലേ എന്നതുമാണ് പൊലീസിനെ കുഴയ്ക്കുന്ന സംശയങ്ങൾ. കുഴിയ്ക്ക് വലിയ ആഴമുണ്ടായിരുന്നില്ല. മാത്രമല്ല, പൂർണ നഗ്നമാക്കിയ ശേഷം കുഴിച്ചിട്ട മൃതദേഹം, നേരെയുമായിരുന്നില്ല കിടന്നിരുന്നത്. ജയചന്ദ്രന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന സംശയത്തെ പൊലീസ് അതിനാൽ തന്നെ ഗൗരവമായിന്നെ ആന്വേഷിക്കുന്നുണ്ട്.

കൊലപാതകം ചെയ്യുന്നതിന് മുൻപായി, താൻ ദൃശ്യം സിനിമ കണ്ടിരിക്കുന്നെന്ന് പ്രതി പൊലീസിനോട് തുറന്നുസമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കുമ്പോൾ ആകെ അഴുകിയ അവസ്ഥയിലായിരുന്നു. മൂക്കുപൊത്താതെ അടുത്ത് നിൽക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു.

Content Highlights: How Drishyam Reference became am evidence in karunagappalli vijayalakshmi murder case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us