പാലക്കാട്: തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് തുടര്‍ച്ചയായിരിക്കും പാലക്കാട് സി കൃഷ്ണകുമാറിന്റെ വിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തെത്തുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിജയിക്കുന്നത് ബിജെപിയാണെന്ന് പറയുമ്പോഴും മത്സരം എൽഡിഎഫുമായാണെന്ന് കുറിപ്പിൽ പരോക്ഷമായി കെ സുരേന്ദ്രൻ പരാമർശിച്ചിട്ടുണ്ട്.
'വടക്കുന്നാഥനു പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥൻ. പാലക്കാട് വിജയം എൻഡിഎയ്ക്ക്. മൂന്നാം സ്ഥാനത്ത് യുഡിഎഫ്...' എന്നാണ് കെ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് കുറിപ്പ്
വെണ്ണക്കരയില്‍ ബൂത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. രാഹുല്‍ ബൂത്തിലെത്തി വോട്ടഭ്യര്‍ത്ഥിച്ചുവെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്.
സംഭവത്തിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. തോല്‍ക്കുമെന്ന് ഉറപ്പായതിന്റെ അസ്വസ്ഥതയാണ് ബിജെപി കാണിക്കുന്നതെന്നും തങ്ങള്‍ക്ക് സംഘര്‍ഷം ആവശ്യമില്ലെന്നും പോള്‍ ചെയ്ത വോട്ട് എണ്ണിത്തന്നാല്‍ മതിയെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഇരട്ട വോട്ട് ആരോപണം നേരിട്ടിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസിനെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസ് പരാമര്‍ശത്തിന് പിന്നാലെ കെ എം ഹരിദാസ് വോട്ട് ചെയ്യാനെത്തിയിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണ് വോട്ട് ചെയ്യേണ്ടതില്ല എന്ന നിലപാട് ഹരിദാസ് സ്വീകരിച്ചത്.
അവസാന മിനിറ്റിലും മുന്നണികള്‍ കൊമ്പുകോര്‍ത്ത പാലക്കാട് 70 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. മെഷീന്‍ തകരാര്‍ മുതല്‍ തിരഞ്ഞെടുപ്പില്‍ പ്രതിസന്ധിയായിരുന്നു.
Content Highlight: K Surendran says NDA will win in Palakkad after victory in Thrissur