
പാലക്കാട്: ശരീരം കൊണ്ട് മാത്രം കോൺഗ്രസിനൊപ്പം നിൽക്കുന്ന വ്യക്തിയാണ് സന്ദീപ് വാരിയറെന്ന് സിപിഐഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു. വി ഡി സതീശനും സംഘവും യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചത്. ഇത് തന്നെയാണ് മുരളീധരനും ചെന്നിത്തലയും ആവർത്തിച്ചത്. യുഡിഎപ് ബിജെപി ഡീൽ അടക്കം ചർച്ചയായി. ബിജെപിയിൽ നിന്നപ്പോൾ സന്ദീപ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പത്രപരസ്യത്തിലുള്ളത്. സന്ദീപ് വാരിയർ പറഞ്ഞ വർഗീയ പരാമർശങ്ങളെ ന്യായീകരിക്കുകയാണ് ഷാഫി പറമ്പിൽ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫ് പാലക്കാട് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ബിജെപി മൂന്നാമതാകും. സുരേന്ദ്രൻ എഫ്ബി പോസ്റ്റിലൂടെ പറയാതെ പറയുന്നതും എൽഡിഎഫ് മുന്നേറ്റമുണ്ടാക്കും എന്ന് തന്നെയാണ്. കോൺഗ്രസ് - ബിജെപി വോട്ട് കച്ചവടം നടന്നു.പല ബൂത്തുകളിലും കോൺഗ്രസിന് ബൂത്ത് ഏജന്റ് ഇല്ലെന്നും സ്ഥാനാർഥി തന്നെ ബൂത്തിൽ വന്ന് പ്രശ്നം ഉണ്ടാക്കിയെന്നും സുരേഷ് ബാബു പറഞ്ഞു.
എൽഡിഎഫ് ആരെയും തടഞ്ഞില്ല. ഒപ്പം ഒരു പടയുമായാണ് യുഡിഎഫ് സ്ഥാനാർഥി ബൂത്തുകളിൽ എത്തിയത്. വിവാദം ഉണ്ടാക്കി നാലു വോട്ട് ഉണ്ടാക്കാൻ ആയിരുന്നു ശ്രമം. എന്നാൽ യുഡിഎഫിന്റെ കുതന്ത്രങ്ങൾ അവർക്ക് തന്നെ വിനയായി. ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ ഷാഫിക്ക് വടകരയ്ക്ക് വണ്ടി കയറാമെന്നും വി ഡി സതീശന് പറവൂരിൽ തന്നെ ചുറ്റി തിരിയാമെന്നും അദ്ദേഹം പരിഹസിച്ചു. പോളിംഗ് ശതമാനം കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ലെന്നും സുരേഷ് ബാബു വ്യക്തമാക്കി.
പാലക്കാട് 70 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 73 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 10 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. മെഷീൻ തകരാർ മുതൽ തിരഞ്ഞെടുപ്പിൽ പ്രതിസന്ധിയായിരുന്നു.
Content Highlight: Suresh Babu sslams UDF, KM Haridasan