
ചേലക്കരയുടെ മനസ് 28 വർഷമായി മാറിയിട്ടില്ല. ഇക്കുറിയും മനസ് പറഞ്ഞ് അവർ കേട്ടു, യു ആർ പ്രദീപിന് വോട്ടുചെയ്തു. 1996ൽ കെ രാധാകൃഷ്ണനെ ഒപ്പംകൂട്ടിയണ് ചേലക്കര ഇടതുപക്ഷത്തിനൊപ്പം നടന്നുതുടങ്ങിയത്. 2016ൽ രാധാകൃഷ്ണനു പകരക്കാരനായി യു ആർ പ്രദീപ് എത്തി. ചേർത്തുപിടിച്ച് ചേലക്കര അന്ന് പ്രദീപിനെ വിജയിപ്പിച്ചത് 10,200 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ഇക്കുറി അതുക്കും മേലെയാണ് ഭൂരിപക്ഷം. കെ രാധാകൃഷ്ണൻ ചേലക്കരയ്ക്ക് രാധേട്ടനാണ്. അങ്ങനെ രാധേട്ടന്റെ ചേലക്കര പ്രദീപിന്റേതുകൂടിയാണെന്ന് ജനം വിധിയെഴുതിയപ്പോൾ എൽഡിഎഫിനും അത് വലിയൊരാശ്വാസമാകുന്നു.
2021ൽ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിന് രാധാകൃഷ്ണനെ വിജയിപ്പിച്ച മണ്ഡലമാണ് ചേലക്കര. രാധാകൃഷ്ണന്റെ പിന്തുടർച്ചയായി പ്രദീപിനെ ചേലക്കര സ്വീകരിച്ചതിന്റെ തെളിവുകൂടിയാണ് മികച്ച ഭൂരിപക്ഷം. കഴിഞ്ഞ 28 വർഷത്തിൽ 23 വർഷവും രാധാകൃഷ്ണനായിരുന്നു ഇവിടെ ജനപ്രതിനിധി. മണ്ഡലത്തിൽ നിന്നുള്ള വ്യക്തിയെന്ന പരിഗണനയും സൗമ്യനായ വ്യക്തിയെന്ന പരിവേഷവും പ്രദീപിന് ഗുണം ചെയ്തു. ഭരണവിരുദ്ധവികാരം ശക്തമായ സമയത്തുനടന്ന തിരഞ്ഞെടുപ്പിൽ പ്രചാരണ ബോർഡുകളിൽ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയത് ചർച്ചയായിരുന്നെങ്കിലും അതും ഗുണം ചെയ്തുവെന്ന് വേണം കരുതാൻ. വരവൂർ, ദേശമംഗലം, മുള്ളൂർക്കര, ചേലക്കര, വള്ളത്തോൾ നഗർ, പാഞ്ഞാൾ പഞ്ചായത്തുകളുടെ കരുത്തിൽ ചേലക്കരയിൽ ചെങ്കൊടി വീണ്ടും പാറി.
ചേലക്കരയിൽ മൂന്നാമങ്കത്തിനിറങ്ങിയ രമ്യ ഹരിദാസിന് തിരിച്ചടിയായത് എംപിയായിരുന്ന കാലത്തെ പ്രവർത്തനം മെച്ചമായിരുന്നില്ല എന്ന ഘടകം കൂടിയാണ്. പരമ്പരാഗതമായി കോൺഗ്രസ് കോട്ടകളായ പഴയന്നൂർ, കൊണ്ടാഴി, തിരുവില്വാമല പഞ്ചായത്തുകൾ രമ്യക്കൊപ്പം നിന്നെങ്കിലും മറ്റുള്ളിടങ്ങളിൽ സ്വാധീനം ചെലുത്താൻ ആയില്ല. ഭരണവിരുദ്ധ വികാരം കോൺഗ്രസ് ആവോളം പ്രചരിപ്പിച്ചിട്ടും രമ്യ മികച്ച സ്ഥാനാർത്ഥിയല്ലെന്ന ധാരണ മാറ്റാനായില്ല. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെന്നതും രമ്യക്ക് തിരിച്ചടിയായി.