കോഴിക്കോട്: സിപിഐഎം അടിസ്ഥാന വർഗത്തെയും നയനിലപാടുകളെയും കയ്യൊഴിഞ്ഞ് വർഗീയതയിൽ അഭിരമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എ. സിപിഐഎം പാർട്ടി ഓഫീസുകൾ ആർഎസ്എസിന് ശാഖ നടത്താൻ വിട്ടുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ മുസ്‌ലിം-ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഏത് കാര്‍ഡെടുക്കണമെന്ന് സിപിഐഎമ്മിന് ശരിക്കറിയാമെന്നും എം കെ മുനീർ പറഞ്ഞു.
ഇത്ര നീചമായ രീതിയില്‍ വര്‍ഗീയതയുടെ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പിലെടുത്ത് വീശുന്ന പാര്‍ട്ടി രാജ്യത്ത് തന്നെ വേറെയില്ലെന്ന് മുനീർ പറഞ്ഞു. ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സിപിഐഎം ആര്‍എസ്എസ് വോട്ട് നേടാന്‍ ശ്രമിച്ചു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സന്ദീപ് വാര്യര്‍, ആര്‍എസ്എസ് എന്നെല്ലാം പരസ്യം നല്‍കി മുസ്‌ലിം വോട്ട് സ്വരൂപിക്കാനും നീക്കം നടത്തി. പാലക്കാട്ട് വര്‍ഗീയ കാര്‍ഡ് ഫലിച്ചില്ലെന്ന് കണ്ടതോടെ വീണ്ടും ജമാഅത്ത്- എസ്ഡിപിഐ കാര്‍ഡിറക്കി പ്രചാരണം തുടങ്ങിയെന്നും മുനീർ പറഞ്ഞു.
മതനിരപേക്ഷതയും ജനപക്ഷ രാഷ്ട്രീയവും കയ്യൊഴിഞ്ഞ് അധോലോക മാഫിയയായ സിപിഐഎം ആര്‍എസ്എസിനെ പോലും പിന്നിലാക്കുന്ന വര്‍ഗീയതയാണ് പയറ്റുന്നതെന്നും മുനീർ വിമർശിച്ചു. മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകളില്‍ ഇടപെട്ട് പ്രശ്നം സൃഷ്ടിക്കാനും തട്ടുകളായി തിരിച്ച് വര്‍ഗീയ സംഘടനകളെന്നും വര്‍ഗ സംഘടനകളെന്നും തരംതിരിച്ച് അക്രമിക്കുന്നതാണ് സിപിഐഎം രീതിയെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. സിപിഐഎമ്മിനെ പിന്തുണക്കുന്നുണ്ടോ എന്നതാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം. എന്നാല്‍, മറ്റൊരു സമുദായത്തിലെ സംഘടനകള്‍ക്കും ഇത്തരം വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് വിതരണം കാണുന്നുമില്ല. പതിറ്റാണ്ടുകള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടു വാങ്ങി, തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിച്ച് മത്സരിച്ച് അധികാരം പങ്കുവെച്ച സിപിഐഎം പുതിയ വെളിപാടുമായി വരുന്നത് എല്ലാവര്‍ക്കും മനസിലാകുമെന്നും മുനീർ പറഞ്ഞു.
മുസ്‌ലിം ലീഗിന്റെയും സുന്നികളുടെയും നേതാവായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പോലും ജമാഅത്ത് ചാപ്പകുത്തിയത് പിണറായി വിജയന്‍ നേരിട്ടാണെന്നും മുനീർ പറഞ്ഞു. തരാതരം വര്‍ഗീയ കാര്‍ഡെടുത്ത് പാഷാണം വര്‍ക്കി കളിക്കുന്ന സിപിഐഎമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും മുനീര്‍ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Content Highlights: M K Muneer against CPIM and Pinarayi Vijayan