'തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം എനിക്ക്'; രാജി തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമെന്ന് സുരേന്ദ്രൻ

യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ക്ക് മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍

dot image

പാലക്കാട്: തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം തനിക്കാണെന്നും തന്റെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യുമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം തോല്‍വി അഭ്യൂഹങ്ങളെ സുരേന്ദ്രന്‍ തള്ളി.

K Surendran
കെ സുരേന്ദ്രന്‍

വഖഫ് നിയമഭേദഗതി പരിഷ്‌കരണത്തിനുള്ള ബില്ല് പാര്‍ലമെന്റ് പരിഗണിക്കാനിരിക്കെ യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരുടെ നിലപാടെന്തായിരിക്കുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. വഖഫ് വിഷയത്തിലെ കേരളത്തിലെ എംപിമാരുടെ നിലപാട് ഇന്നറിയാമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 'സോ കോള്‍ഡ്' മതേതരവാദികളായ എംപിമാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

'വഖഫ് നിയമഭേദഗതി പരിഷ്‌കരണത്തിനുള്ള ബില്ല് നരേന്ദ്ര മോദി സര്‍ക്കാര്‍ നേരത്തെ പറഞ്ഞത് പോലെ പാലിക്കാന്‍ പോകുകയാണ്. മുനമ്പത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇന്നത്തെ ദിവസം പ്രധാനപ്പെട്ടതാണ്. കേരളത്തിലെ എംപിമാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അവര്‍ ഉറ്റുനോക്കുന്നു, നമ്മുടെ സോ കോള്‍ഡ് മതേതരവാദികളായ എംപിമാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വലിയൊരു ശതമാനം വരുന്ന ക്രൈസ്തവ ന്യൂനപക്ഷവും വഖഫിന്റെ ഭീതി നിലനില്‍ക്കുന്ന മറ്റ് പ്രദേശങ്ങളിലെ ജനങ്ങളും ആഗ്രഹിക്കുന്നത് കേരളത്തിലെ 19 എംപിമാരും വഖഫ് പരിഷ്‌കരണത്തിന് അനുകൂലമായി കൈ ഉയര്‍ത്തണമെന്നാണ്', അദ്ദേഹം പറഞ്ഞു.

വടകര എംപി ഷാഫി പറമ്പിലിന്റെയൊക്കെ മതേതരത്വം ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് കണ്ണ് തുറന്ന് കാണാന്‍ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു. മഹാരാഷ്ട്രയിലെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് വിജയം കേരളത്തില്‍ ആരും ചര്‍ച്ച ചെയ്തില്ലെന്നും വിഷയങ്ങള്‍ തിരിച്ചുപിടിച്ചെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനും ജമാഅത്തെ ഇസ്‌ലാമിക്കും കേരളത്തിലെ തിരഞ്ഞെടുപ്പുകളെ സ്ഥിരമായി നിയന്ത്രിക്കാന്‍ കഴിയുന്നുവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

'വിശുദ്ധനായ മുഖ്യമന്ത്രിയിപ്പോള്‍ പിഎഫ്‌ഐക്കും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ പ്രസംഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം ചെറിയൊരു നിറമാറ്റവും അടവ് നയവും സിപിഐഎം സ്വീകരിച്ചതിന്റെ ഫലമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന. പക്ഷേ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും ഇവര്‍ക്കെതിരെ സംസാരിക്കാനുളള്ള ധാര്‍മികമായ അവകാശമുണ്ടോ. എസ്ഡിപിഐയുമായി ചേര്‍ന്നാണ് പത്തനംതിട്ട മുന്‍സിപ്പാലിറ്റി സിപിഐഎം ഭരിക്കുന്നത്. ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റിയിലും എസ്ഡിപിഐയും സിപിഐഎമ്മും ബന്ധമുണ്ട്', സുരേന്ദ്രന്‍ പറഞ്ഞു.

ഇതെല്ലാം വ്യക്തമാക്കുന്നത് രണ്ട് മുന്നണികള്‍ക്കും മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാടും ചേലക്കരയിലും വയനാട്ടിലും പിഎഫ്‌ഐ പരസ്യമായി അവരുടെ ലഘുലേഖകളുമായി യുഡിഎഫിനൊപ്പം അണിനിരന്നെന്നും കോണ്‍ഗ്രസ് നേതാക്കന്മാര്‍ പിഎഫ്‌ഐ-വെല്‍ഫെയര്‍ നേതാക്കളുമായി പരസ്യമായി ബാന്ധവം ചെയ്‌തെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എസ്ഡിപിഐക്കും പിഎഫ്‌ഐക്കും ഒരു തിരഞ്ഞെടുപ്പില്‍ ഒരു സമുദായത്തെ മൊത്തം സ്വാധീനിക്കാന്‍ കഴിയുന്നുവെന്നും ഇതാണ് കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന പ്രധാന വിഷയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'പിഎഫ്‌ഐക്ക് ആരാധനാലയങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നു. ആരാധനാലയങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നു. സമുദായത്തെ ആകെ സ്വാധീനിക്കാന്‍ തക്ക നിലയിലേക്ക് കേരളത്തില്‍ മതഭീകരാവാദം വളര്‍ന്നിരിക്കുന്നു. അത് കാണാന്‍ മതേതരപാര്‍ട്ടികള്‍ എന്ന് പറയുന്നവരോ നിഷ്പക്ഷത നടിക്കുന്ന മാധ്യമങ്ങളോ തയ്യാറാകുന്നില്ല. വര്‍ഗീയതയുമായി സന്ധിചേര്‍ന്നുള്ള ഒരു രാഷ്ട്രീയമാണ് കേരളത്തെ നയിക്കുന്നത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും', അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഒരു ന്യൂനപക്ഷം മാത്രമേയുള്ളുവെന്ന നിലയാണ് എല്‍ഡിഎഫും യുഡിഎഫും നയം സ്വീകരിക്കുകയെന്നും ഇപ്പോള്‍ പ്രധാനപ്പെട്ട മറ്റൊരു ന്യൂനപക്ഷത്തെയും 30 ശതമാനം വോട്ടിന് വേണ്ടി തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന സന്ദേശമാണ് ഉപതിരഞ്ഞെടുപ്പുകള്‍ നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. ബിജെപിയെ സംബന്ധിച്ച് ഈ വിഷയത്തില്‍ ശരിയായ നിലപാട് ഉയര്‍ത്തി ജനങ്ങളെ സമീപിപ്പിക്കണമെന്നാണ് അടിസ്ഥാനപരമായ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ചേലക്കരയില്‍ പതിനായിരം വോട്ട് അധികം നേടി. വയനാടും മികച്ച നേട്ടമുണ്ടായി. പാലക്കാട് അടിസ്ഥാന വോട്ട് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ വോട്ട് ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പാലക്കാട് വോട്ട് കുറഞ്ഞത് വിലയിരുത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. നേരത്തെയും ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'മുമ്പ് നടന്ന നാല് ഉപതിരഞ്ഞെടുപ്പ് ഒഴികെയുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്നേറ്റം ഉണ്ടാക്കുമ്പോള്‍ ക്രെഡിറ്റ് മറ്റുള്ളവര്‍ക്ക്. പരാജയപ്പെടുമ്പോള്‍ ഉത്തരവാദിത്തം ഒരാള്‍ക്ക്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഒരു രീതിയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഒരു വ്യക്തിയല്ല നടത്തുന്നത്', സുരേന്ദ്രന്‍ പറഞ്ഞു. ബിജപി നേതാവ് പ്രമീള ശശിധരന്റേത് അടക്കമുള്ള പരസ്യ പ്രസ്താവനകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: K Surendran about election defeat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us